രാജി കൊണ്ടു മാത്രം അവസാനിക്കുന്നില്ല, ജലീൽ പ്രോസിക്യൂഷൻ നേരിടണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോഴാണ് മന്ത്രിസ്ഥാനത്ത് നിന്ന് കെ.ടി. ജലീലിന് രാജി വയ്‌ക്കേണ്ടിവന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അല്ലാതെ ഇതില്‍ ധാര്‍മ്മികയുടെ ഒരു കണിക പോലുമില്ല. ജലീലിന്‍റെ രാജി കൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. അദ്ദേഹം പ്രോസിക്യൂഷൻ നേരിടണം. ലോകായുക്ത നിയമത്തില്‍ അതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ജലീലിന് സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നതിനും സ്വജനപക്ഷപാതം നടത്തുന്നതിനും ഒത്താശ ചെയ്ത മുഖ്യമന്ത്രിയും ഈ കേസില്‍ ജലീലിന്‍റെ കൂട്ടു പ്രതിയാണ്. ഇതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാനാവില്ല. ജലീല്‍ ധാര്‍മ്മികത പറയുകയാണെങ്കില്‍ അത് മുഖ്യമന്ത്രിക്കും വേണം.
ജലീലിനും സി.പി.എമ്മിനും ഇപ്പോള്‍ ധാര്‍മ്മികത പറയാന്‍ ഒരു അര്‍ഹതയുമില്ല. ധാര്‍മ്മികതയുണ്ടായിരുന്നെങ്കില്‍ എന്തിനാണ് ജലീൽ ഹൈകോടതിയില്‍ പോയത്? ലോകായുക്ത വിധി വന്നപ്പോള്‍ തന്നെ രാജി വയ്ക്കാമായിരുന്നല്ലോ? ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന് കണ്ടപ്പോഴാണ് രാജി വച്ചത്.
ജലീല്‍ രാജി വയ്ക്കണ്ടതില്ലെന്നാണ് ആദ്യം സി.പി.എം പറഞ്ഞത്. നിയമമന്ത്രി എ.കെ. ബാലന്‍ പറഞ്ഞത് ജലീല്‍ രാജി വയ്‌ക്കേണ്ട ഒരു കാര്യവുമില്ലെന്നാണ്. ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടെ പറഞ്ഞിട്ടുണ്ടെന്ന് പോലും അദ്ദേഹം ചോദിച്ചു. എ.കെ. ബാലന്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. സര്‍ക്കാറിന്‍റെ അഭിപ്രായം പലപ്പോഴും പറയുന്ന പാര്‍ലമെന്‍ററി കാര്യ മന്ത്രിയുമാണ്. അതിനാല്‍ എ.കെ. ബാലന്‍റെ അഭിപ്രായം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമായി കാണേണ്ടതില്ല. അത് സി.പി.എമ്മിന്‍റെ അഭിപ്രായം തന്നെയായിരുന്നു. എന്നാല്‍ പൊതുജനാഭിപ്രായം എതിരാണെന്ന് കണ്ടതോടെയാണ് ചില സി.പി.എം നേതാക്കള്‍ മാറ്റി പറഞ്ഞു തുടങ്ങിയത്.
ഈ സര്‍ക്കാര്‍ തന്നെ നിയമിച്ച ലോകായുക്തയാണ് മാസങ്ങളോളം നീണ്ട വിചാരണയ്ക്കും വാദം കേള്‍ക്കലിനും ശേഷം വിധി പുറപ്പെടുവിച്ചത്.
ജലീലിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയപ്പോഴാണ് രാജി വയ്ക്കാന്‍ സി.പി.എം അദ്ദേഹത്തോടാവശ്യപ്പെട്ടത്. തുടക്കം മുതല്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായി ജലീല്‍ ചെയ്തു കൂട്ടിയ എല്ലാ കാര്യങ്ങള്‍ക്കും കുടപിടിച്ചു കൊടുത്തത് സി.പി.എം ആയിരുന്നു. തോറ്റ കുട്ടികളെ അദാലത്ത് നടത്തി ജയിപ്പിക്കുകയും സര്‍വ്വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയുമൊക്കെ ചെയ്തപ്പോള്‍ സി.പി.എം ആണ് സംരക്ഷണം നല്‍കിയത്. ജലീലിന്‍റെ നിയമവിരുദ്ധ നടപടികള്‍ ഒരോന്നായി നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴും സംരക്ഷിച്ചത് സി.പി.എം ആയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.