എറണാകുളം മെഡിക്കൽ കോളജിൽ ഇനി അലാറം
text_fieldsകളമശ്ശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ എമർജൻസി ഘട്ടത്തിൽ ഉപയോഗിക്കുന്നതിനു അത്യാഹിത വിഭാഗത്തിലും, മൈനർ ഓപ്പറേഷൻ തീയറ്ററിലും അലാറം സ്ഥാപിക്കാൻ തീരുമാനം. അത്യാഹിത വിഭാഗത്തിൽ ചൊവ്വാഴ്ച ഹൗസ് സർജന് നേരെ നടന്ന കൈയേറ്റ ശ്രമത്തിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയുള്ള സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുന്നതിനു മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ബേബിയുടെയും ആശുപത്രി വിവിധ വകുപ്പ് മേധാവികളുടെയും അടിയന്തര യോഗത്തിലാണ് തീരുമാനം.
ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ മുൻകരുതലുകൾ സ്വീകരിക്കും. അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും സെക്യൂരിറ്റി ഗാർഡിന് അടിയന്തര സാഹചര്യത്തിൽ ധരിക്കുന്നതിനുവേണ്ടി ഹെൽമെറ്റ്, ശീൽഡ് എന്നിവ നൽകുന്നതിനും തീരുമാനിച്ചു.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ ലഹരി ഉപയോഗിചച്ചിട്ടുള്ളതായി സംശയം തോന്നിയാൽ രോഗികളെ സെക്യൂരിറ്റി ജീവനക്കാർക്ക് ഫ്രിസ്‌ക് ചെയ്യാം. എയ്ഡ് പോസ്റ്റിൽ ഉള്ള പൊലീസിന്റെ എണ്ണത്തിൽ വർധന വരുത്തുവാനും പൊതു അവധി ദിനങ്ങളിലും, ശനി ഞായർ ദിവസങ്ങളിലും പ്രത്യേക പൊലീസ് മുൻകരുതൽ മെഡിക്കൽ കോളജിൽ നൽകണമെന്നും ഡി.വൈ. എസ്.പി യോട് മെഡിക്കൽ സൂപ്രണ്ട് ആവശ്യപ്പെട്ടു.
പൊലീസ് കൊണ്ടുവരുന്ന രോഗികളെയും കൂട്ടിരിപ്പുകാർ ഇല്ലാതെ എത്തുന്ന രോഗികളെയും പൊലീസിന്റെയോ സെക്യൂരിറ്റി ജീവനക്കാരുടെയോ സാനിധ്യത്തിലെ പരിശോധനക്ക് വിധേയമാകുകയുള്ളു. അക്രമ സ്വഭാവമുള്ള രോഗികളെ മാനസീക രോഗികളുടെ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതിന് അഞ്ച് കിടക്കകൾ പ്രത്യേകം സജ്ജീകരിച്ച മുറി തയാറാക്കും.
മെഡിക്കൽ കോളജിൽ രോഗി പരിചരണ പ്രവർത്തനങ്ങൾ സുഖമമായി നടക്കാൻ വേണ്ടുന്ന സഹായ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ നിന്നുമുണ്ടാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.