ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് നാല് മാസം; ലക്ഷങ്ങളുടെ കണ്ണീരൊപ്പാൻ അടിയന്തരമായി 2000 കോടി വേണം
text_fieldsസ്വന്തം ലേഖകൻ
കോട്ടയം: ഒരുനേരത്തെ അന്നത്തിനായി പെടാപ്പാടുപെടുന്ന ലക്ഷങ്ങളുടെ കണ്ണീരൊപ്പാൻ സംസ്ഥാനത്തിന് അടിയന്തരമായി വേണ്ടത് 2000 കോടി രൂപ. വിവിധ ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് നാലുമാസമാകുന്നു. രണ്ടുമാസത്തെയെങ്കിലും പെൻഷൻ നൽകാൻ രണ്ടായിരം കോടിയോളം രൂപയാണ് വേണ്ടത്. എന്നാൽ, സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കെ, ഈ പെൻഷനുകൾ എങ്ങനെ കൊടുക്കുമെന്ന കാര്യത്തിൽ സർക്കാറിന് ഒരെത്തുംപിടിയുമില്ല.
രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ കൊടുക്കുമെന്ന് സർക്കാർവൃത്തങ്ങൾ അവകാശപ്പെടുന്നതല്ലാതെ എന്ന്, എങ്ങനെ എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. കടമെടുപ്പ്പരിധി കഴിയാറായതും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നിഷേധിച്ചതുമാണ് ക്ഷേമ പെന്‍ഷനില്‍ കുടിശ്ശിക വരാൻ കാരണമായി സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കെടുകാര്യസ്ഥതയും ധൂർത്തുമാണ് സംസ്ഥാനത്തിന്‍റെ ഈ സാമ്പത്തിക ദുഃസ്ഥിതിക്ക് കാരണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപിക്കുന്നു.
ഈ വർഷം ഇനി 52 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാൻ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള അനുമതി. അതുപയോഗിച്ച് സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തേണ്ട ഗതികേടിലാണ്. ആ സാഹചര്യത്തിൽ ക്ഷേമ പെൻഷനുകളും ശമ്പളവും ഉൾപ്പെടെ എങ്ങനെ നൽകുമെന്ന അങ്കലാപ്പിലാണ് സർക്കാർ. ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
കോടികള്‍ പൊടിച്ച് കേരളീയം ഉൾപ്പെടെ ആഘോഷങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് നാലുമാസമായി മുടങ്ങിയ ക്ഷേമപെന്‍ഷനായി സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യര്‍ കാത്തിരിക്കുന്ന ദുരവസ്ഥ. സർക്കാർ നൽകുന്ന 1600 രൂപയെ ആശ്രയിച്ച് നിത്യചെലുവും ചികിത്സയുമൊക്കെ നടത്തിവരുന്ന മനുഷ്യരെ സാരമായി ബാധിക്കുന്ന നിലയിലാണ് കാര്യങ്ങൾ. ക്ഷേമ പെൻഷനുകൾ മുടങ്ങിയതുമൂലം പല വീടുകളിലും അടുപ്പുകൾ എരിയാത്ത സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.