അച്ചടിവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റം മുടങ്ങിയിട്ട് രണ്ടുവർഷം
text_fieldsതിരുവനന്തപുരം: തൊഴിലിന് സെക്രേട്ടറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ മുട്ടിലിഴയുമ്പോൾ അച്ചടിവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റം മുടങ്ങിയിട്ട് രണ്ടുവർഷം. സർക്കാർ പ്രസുകളിലെ രണ്ടാം ഗ്രേഡ് ബൈൻറർ തസ്തികയിലേക്ക് തസ്തികമാറ്റം വഴി ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള അന്തിമ പട്ടികയാണ് അധികൃതരുടെ അനാസ്ഥമൂലം മുടങ്ങിയത്. 2016ൽ അച്ചടി വകുപ്പ് ചട്ടവിരുദ്ധമായി തയാറാക്കിയ മുൻഗണന പട്ടികയിലൂടെ ഒരുവിഭാഗം ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു.
ഇതിനെതിരെ 17 ജീവനക്കാർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാൽ വിധി വരുംമുമ്പ് 'ട്രൈബ്യൂണലിെൻറ അന്തിമ വിധിക്കനുസരിച്ച് സീനിയോറിറ്റിയിൽ മാറ്റം വരുത്താം' എന്ന് എഴുതിച്ചേർത്ത് ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു. ചട്ടവിരുദ്ധമായി തയാറാക്കിയ മുൻഗണന ലിസ്റ്റ് 2019ൽ ട്രൈബ്യൂണൽ റദ്ദാക്കുകയും പകരം ആറുമാസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തു.
2020 ജനുവരി 16ന് സ്ഥാനക്കയറ്റ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് (എച്ച്) അണ്ടർ സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും ജീവനക്കാരുടെ സമ്മർദങ്ങളെ തുടർന്ന് പ്രമോഷൻ നടപടി വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ കോടതി അലക്ഷ്യമാകുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് ൈട്രബ്യൂണൽ ഉത്തരവ് പാലിക്കുന്നെന്ന് രേഖപ്പെടുത്തി കരട് സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഇതല്ലാതെ മുൻഗണന ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ പ്രമോഷൻ നടപടികൾ ആരംഭിക്കാനോ അച്ചടിവകുപ്പ് തയാറായിട്ടില്ല. ഇതോടെ മുപ്പതോളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റമാണ് ചുവപ്പുനാടയിൽ കുരുങ്ങിയത്. സ്ഥാനക്കയറ്റം നടത്തിയിരുന്നെങ്കിൽ നിലവിലെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽനിന്ന് മുപ്പതോളം പേർക്ക് നിയമനം ലഭിക്കുമായിരുന്നു. പ്രമോഷനുകൾ അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ഉൾപ്പെടെ സംഘടനകൾ ഒരുമാസമായി അച്ചടി വകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ സമരത്തിലാണ്.
സമരമെന്ന് പി.സി. തോമസ്
കൊച്ചി: പിൻവാതിൽ നിയമനം നടത്തി പിന്നീട് സ്ഥിരപ്പെടുത്തുകയും പരീക്ഷയെഴുതി റാങ്ക് നേടിയ ഉദ്യോഗാർഥികൾക്ക് നിയമനം കൊടുക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ നടപടി നിയമത്തിനും നീതിക്കും നിരക്കാത്തതാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങളായി തുടരുന്ന ഈ അനീതിക്കെതിരെ പാർട്ടിയും യുവജന വിഭാഗവും സമരത്തിലേക്ക് നീങ്ങും. വൈസ് ചെയർമാൻ അഹമ്മദ് തോട്ടത്തിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പി. തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.