കേരളം കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് കേന്ദ്രത്തിന്‍റെ തെറ്റായ പ്രചാരണം- മന്ത്രി വീണ ജോർജ്
text_fieldsതിരുവനന്തപുരം: കേരളം കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി വീണാ ജോർജ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ടെന്നും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിച്ചു. ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾ അറിയാൻ കോവിഡ് റിപ്പോർട്ട് ഉണ്ടാകും. രോഗബാധ കൂടിയാൽ ദിവസവും ബുള്ളറ്റിൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കണക്കുകൾ കൃത്യമായി പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചിരുന്നു.
കോവിഡ് കുറഞ്ഞപ്പോൾ കണക്ക് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ എടുത്ത തീരുമാനമാണ്. കൃത്യമായി ജില്ലാ സംസ്ഥാന തല അവലോകനമുൾപ്പടെ നടക്കുന്നുണ്ട്. അതാത് ദിവസങ്ങളിലെ ഡേറ്റകൾ ആണ് അയച്ചിട്ടുള്ളത്. കേരളം ഒന്നും ചെയ്തിട്ടില്ലെന്ന് ബോധപൂർവം വരുത്തി തീർക്കാൻ ശ്രമമുണ്ടെന്നും കേന്ദ്ര നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡ് കണക്കുകൾ കൂടുകയാണെങ്കിൽ വീണ്ടും ബുള്ളറ്റിനുകൾ ഇറക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കോവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കോവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് ചൂണ്ടികാണിച്ച് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.