പരസ്യത്തെപ്പോലും ഭയക്കുന്നത് കഷ്ടം; സിനിമ തിയേറ്ററിൽ പോയി കാണാനാണ് തീരുമാനം'-ബെന്യാമിൻ
text_fieldsകോഴിക്കോട്: 'ന്നാ താൻ കേസ് കൊട്' എന്ന സിനിമക്കെതിരായ സൈബർ ആക്രമണത്തിനെതിരെ എഴുത്തുകാരൻ ബെന്യാമിൻ. ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്-ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. സിനിമ തിയേറ്ററിൽ പോയി കാണാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം'-ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പത്രമാധ്യമങ്ങളിൽ വന്ന പരസ്യമാണ് സി.പി.എം അനുഭാവികളെ പ്രകോപിപ്പിച്ചത്. 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് ചിത്രത്തിന്റെ പരസ്യവാചകം. സംസ്ഥാനത്തെ റോഡുകളിലെ കുഴികളെക്കുറിച്ച് വാദപ്രതിവാദങ്ങളും ചർച്ചകളും നടക്കുന്നതിനിടെ വന്ന പരസ്യം സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. വഴിയിൽ കുഴിയുണ്ടെങ്കിൽ ടെലിഗ്രാമിൽ കാണാം, വഴിയിൽ കുഴിയില്ലെങ്കിൽ തിയറ്ററിൽ വരാം, ടെലഗ്രാമിൽ കുഴിയില്ലല്ലോ, ടെലഗ്രാമിൽ വരുമ്പോ കണ്ടോളാം...തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം പരസ്യത്തിന്റെ പേരിൽ സിനിമക്കെതിരെ നടക്കുന്ന സൈബറാക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്നും വിമർശനമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബറാക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സൈബറാക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ ആളുകൾ കാണുമെന്നും അദ്ദേഹം പറഞ്ഞു.
'പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്ന്'സിനിമയിലെ നായകൻ കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.
രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ഇന്ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.