ശശി തരൂരിന്റെ പരിപാടിയിൽ നിന്ന് യൂത്ത്കോൺഗ്രസ് പിൻമാറിയത് നാണക്കേട് -രൂക്ഷ വിമർശനവുമായി എം.കെ രാഘവൻ എം.പി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കുന്നതിലെ അപ്രഖ്യാപിത വിലക്കിനെതിരെ എം.കെ. രാഘവൻ എം.പി. ശശി തരൂരിന്റെ പരിപാടിയിൽ നിന്ന് യൂത്ത്കോൺഗ്രസ് പിൻമാറിയത് നാണക്കേടാണെന്ന് എം.കെ രാഘവൻ വിമർശിച്ചു.
പാർട്ടി സ്വീകരിച്ച അപ്രഖ്യാപിത വിലക്ക് സംഘപരിവാരിനെതിരായ പാർട്ടി ആശയത്തെ കളങ്കപ്പെടുത്തുന്ന തീരുമാനമാണ്. പിൻമാറ്റം സമ്മർദ്ദം മൂലമാണെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചത്. നേതാക്കൾ പിൻമാറിയാലും യൂത്ത്കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പങ്കാളിത്തം ഉണ്ടാകുമെന്നും രാഘവൻ പറഞ്ഞു. കോൺഗ്രസിന്റെ തിരിച്ചുവരവിന് ശശി തരൂർ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തരൂരിന്റെ പരിപാടികൾക്ക് പാർട്ടി അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചതോടെ കോഴിക്കോട് നടത്താനിരുന്ന സെമിനാറിൽ നിന്നാണ് യൂത്ത്കോൺഗ്രസ് പിൻമാറിയത്. പാർട്ടിയിലെ ഉന്നതരുടെ ഇടപെടൽ മൂലമാണ് യൂത്ത്കോൺഗ്രസിന്റെ പിൻമാറ്റമെന്നാണ് സൂചന. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാർ നടത്താൻ തീരുമാനിച്ചത്. യൂത്ത്കോൺഗ്രസ് പിൻമാറിയതോടെ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന പരിപാടിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ ഫൗണ്ടേഷനാണ് സെമിനാർ നടത്തുക. പരിപാടിയിൽ തരൂർ പങ്കെടുക്കുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതാണ് ശശി തരൂരിനെതിരായ നീക്കങ്ങൾക്ക് കാരണം. ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്നും തരൂരിനെ ഒഴിവാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.