അച്ഛന് കൊടുത്ത വാക്കാണ്; ഡോക്ടറായി പെട്ടിമുടിയിലെത്തും
text_fieldsപെട്ടിമുടി ദുരന്തത്തിലെ അതിജീവിത, ഗോപികയുടെ വാക്കുകൾ
തൊടുപുഴ: ‘‘പെട്ടിമുടിയിലേക്ക് ഡോക്ടറായി വരുമെന്ന് അച്ഛന് വാക്ക് കൊടുത്തതാ. അത് സഫലീകരിക്കാനുള്ള പരിശ്രമത്തിലാണ്. ഉരുൾപൊട്ടലെന്ന് കേട്ടാലേ ഇപ്പോ ഞെട്ടലാ. ഇനി ഇങ്ങനെയൊന്ന് ഉണ്ടാകരുതേയെന്ന് പെട്ടിമുടിക്ക് ശേഷം പ്രാർഥിച്ചിരുന്നു. എന്നാൽ, വയനാട്ടിലെ ദുരന്തം കരളുലക്കുകയാണ്’’. 2020ൽ മൂന്നാർ പെട്ടിമുടിയിലുണ്ടായ ഉരുൾദുരന്തത്തിൽ മാതാപിതാക്കളും ബന്ധുക്കളുമടക്കം ഉറ്റവരെയെല്ലാം നഷ്ടമായ ഗോപികയുടെ വാക്കുകളാണിത്.
2020 ആഗസ്റ്റ് ആറിന് രാത്രി 70 പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചവരിൽ ഒരാളാണ് ഗോപിക. ഇപ്പോൾ പാലക്കാട് മെഡിക്കല്‍ കോളജിലെ രണ്ടാംവർഷ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനി. ഇരുളിൽ കുത്തിയൊലിച്ചു വന്ന ഉരുൾ ഗോപികയുടെ അച്ഛൻ ഗണേശനെയും അമ്മ തങ്കത്തെയും ബന്ധുക്കളെയും പെട്ടിമുടി എന്ന ഗ്രാമത്തെയും ഒന്നാകെ തൂത്തെറിയുകയായിരുന്നു. കുടുംബത്തിലെ 24 പേരെ അന്ന് ദുരന്തം ഗോപികയിൽനിന്ന് തട്ടിയെടുത്തു.
ഉരുൾദുരന്തമുണ്ടാകുമ്പോൾ തിരുവനന്തപുരത്ത് പഠിക്കുകയായിരുന്നു ഗോപികയും സഹോദരി ഹേമലതയും. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിഞ്ഞത്. പ്രിയപ്പെട്ടവർക്കൊന്നും വരുത്തല്ലേ എന്ന് പ്രാർഥിച്ചാണ് പെട്ടിമുടിയിലെത്തിയത്. അവിടെ വന്നിറങ്ങുമ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായതെന്ന് ഗോപിക പറയുന്നു. ‘‘ഞങ്ങൾ ഓടിക്കളിച്ച് വളർന്ന സ്ഥലത്ത് വലിയ പാറക്കൂട്ടങ്ങളും മണ്ണും മാത്രം.
അവിടെയുണ്ടായിരുന്ന ഗ്രാമം കാണാനില്ല. കുറേപ്പേരുടെ നിലവിളികൾ, അട്ടഹാസങ്ങൾ എന്നിവ മുഴങ്ങിക്കേൾക്കാം. തോട്ടങ്ങളിലെ കൊളുന്ത് ശേഖരിക്കുന്ന ട്രാക്ടറുകളിലൂടെ കൊണ്ടുപോകുന്ന മൃതദേഹങ്ങൾ കണ്ട് കണ്ണടച്ചുനിന്നു. വിറങ്ങലിച്ചുനിൽക്കുമ്പോൾ ചിലർ ചേർന്ന് അവിടത്തെ ആശുപത്രിയിലേക്ക്കൊണ്ടുപോയി. അച്ഛനെയും അമ്മയെയും അവസാനമായി കണ്ട ആ കാഴ്ച ഇപ്പോഴും ഉൾക്കിടിലമായി മനസ്സിലുണ്ട്’’ -ഗോപിക പറഞ്ഞു.
‘‘തിരിച്ചറിയാൻപോലും കഴിയാത്ത രീതിയിലുള്ള മുറിവായിരുന്നു ഇരുവർക്കും. മോതിരം കണ്ടാണ് അമ്മയെ തിരിച്ചറിയുന്നത്. പത്താംക്ലാസിൽ എനിക്ക് മുഴുവൻ എ പ്ലസ് ലഭിക്കുമെന്നാണ് അച്ഛൻ പ്രതീക്ഷിച്ചത്. പക്ഷേ, സാധിച്ചില്ല, അന്ന് അച്ഛൻ വിഷമിച്ചത് സങ്കടമുണ്ടാക്കി. പ്ലസ് ടുവിന് മുഴുവൻ എ പ്ലസും വാങ്ങുമെന്നും ഡോക്ടറാകുമെന്നും അന്നച്ഛന് വാക്കുകൊടുത്തതാണ്. ആ വാക്ക് പാലിക്കുകതന്നെ ചെയ്യും. -ഗോപിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.