പുതുപ്പള്ളിയിൽ യു.ഡി.എഫിനെ ബി.ജെ.പി സഹായിച്ചെന്ന് ആക്ഷേപമുണ്ട് -വി.എൻ വാസവൻ
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതിൽ വിമർശനവുമായി മന്ത്രി വി.എൻ വാസവൻ. യു.ഡി.എഫിനെ ബി.ജെ.പി സഹായിച്ചെന്ന് ആക്ഷേപമുണ്ടെന്ന് വി.എൻ വാസവൻ ചാനൽ അഭിമുഖത്തിൽ ആരോപിച്ചു.
ഒരു ജനപ്രതിനിധി മരിച്ച് ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ചരിത്രം കേരളത്തിലില്ല. ഇതിന് പിന്നിൽ ആരെങ്കിലുമില്ലേ എന്ന് പറഞ്ഞാൽ കുറ്റം പറയാനാവില്ല. യു.ഡി.എഫ് -ബി.ജെ.പി ഒത്തുകളി തള്ളികളയാനാവില്ലെന്നും വി.എൻ വാസവൻ വ്യക്തമാക്കി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ വി.എൻ. വാസവൻ നേരത്തെയും രംഗത്ത് വന്നിരുന്നു. അസാധാരണ തീരുമാനമാണിതെന്നും തീയതി പുനഃപരിശോധിക്കണമെന്നും വാസവൻ ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 18നാണ് മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി സിറ്റിങ് എം.എൽ.എയുമായ ഉമ്മൻചാണ്ടി അന്തരിച്ചത്. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്റ്റംബർ എട്ടിനാണ് ഫലം പ്രഖ്യാപിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും അടക്കമുള്ളവർ വാശിയേറിയ പ്രചാരണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.