കമ്പനി ഗേറ്റിന് മുന്നിൽ വിഗ്രഹങ്ങൾ സ്ഥാപിച്ച് കലാപത്തിന് നീക്കം നടത്തിയതായി ആക്ഷേപം
text_fieldsകടുങ്ങല്ലൂർ: കമ്പനി ഗേറ്റിന് മുന്നിൽ വിഗ്രഹങ്ങൾ സ്ഥാപിച്ച് കലാപത്തിന് നീക്കം നടത്തിയതായി ആക്ഷേപം. എടയാർ വ്യവസായ മേഖലയിലെ അർജുന അരോമാറ്റിക്സ് എന്ന കമ്പനിയുടെ മുന്നിലെ ഗേറ്റിന് സമീപമാണ് നാഗയക്ഷിയുടെ പ്രതിമകൾ സ്ഥാപിച്ചത്. പി.ഡബ്ലിയു.ഡി റോഡിന് ചേർന്നാണ് മൂന്ന് പ്രതിമകൾ സ്ഥാപിച്ചത്. സി.സി.ടി.വി കാമറയിൽ പെടാതിരിക്കാൻ ചാക്കു കൊണ്ട് മറച്ചായിരുന്നു തറ കെട്ടി വിഗ്രഹങ്ങൾ വെച്ചത്. എന്നാൽ, ഇത് ചെയ്തവരെ കാമറയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിമകൾ സ്ഥാപിച്ച ശേഷം മഞ്ഞൾപ്പൊടി വിതറിയിട്ടുമുണ്ട്. അർജുന കമ്പനി അനധികൃതമായി കൈവശം വെച്ച 41 സെൻ്റ് സ്ഥലം വിട്ടു നൽകുക എന്ന് മണപ്പുഴ ദേവസ്വം ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരിൽ ഇതിന് സമീപം ഫ്ലക്സ് ബോർഡും വെച്ചിട്ടുണ്ട്.
എന്നാൽ, മണപ്പുഴ ക്ഷേത്രം പ്രദേശത്തെ ആദ്യകാല നമ്പൂതിരി കുടുംബത്തിൻ്റെ സ്വകാര്യ ക്ഷേത്രമാണ്. വിശ്വാസികൾക്ക് ഇവിടെ ആരാധനയ്ക്ക് തടസ്സവുമില്ല. ക്ഷേത്രത്തിന് സംരക്ഷണ സമിതിയൊ പൊതുഭരണസമിതിയൊ ഇല്ല. ധാരാളം ഭൂസ്വത്തുണ്ടായിരുന്ന കുടുംബമാണ് എടയാർ സ്കൂളിന് ഭൂമി സൗജന്യമായി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഞായർ വൈകിട്ട് ബിനാനിപുരം പൊലീസ് മണപ്പുഴ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ തങ്ങൾക്ക് വ്യവസായ മേഖലയിൽ ഭൂമിയുള്ളതായി ഒരറിവുമില്ലെന്നാണ് അവർ അവർ മൊഴി നൽകിയതെന്നറിയുന്നു. പ്രദേശവാസികളിൽ 80 പിന്നിട്ടവർക്ക് പോലും ഇത്തരത്തിൽ ഇവിടെ മുമ്പ് വിഗ്രഹങ്ങളൊ പ്രദേശത്ത് ദേവസ്വം ഭൂമിയൊ ഉള്ളതായി ഓർക്കുന്നില്ല.
ബിനാനിപുരം പൊലീസ് വിഷയത്തിൽ ഗൗരവത്തോടെയാണ് ഇടപെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വില്ലേജ് ഓഫിസറുടെ സാന്നിദ്ധ്യത്തിൽ സ്ഥലത്തിൻ്റെ അവകാശം സംബന്ധിച്ച് തീർപ്പുണ്ടാക്കാനാണ് അവരുടെ തീരുമാനം. അർജുന അരോമാറ്റിക്സ് കമ്പനിയിൽ ബി.എം.എസ് ഒരു വർഷത്തോളമായി സമരം നടത്തുന്നുണ്ട്. ഉന്നത ലേബർ ഉദ്യോഗസ്ഥരും കോടതിയും, അന്യായമായ സമരത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്. എല്ലാ തരത്തിലും പരാജയപ്പെട്ട സമരം അവസാനിപ്പിക്കാനുള്ള അടവാണിതെന്ന സംശയം നാട്ടുകാർക്കുണ്ട്. സമാധാനത്തോടെ കഴിയുന്ന പ്രദേശവാസികൾക്കിടയിൽ കലാപം വിതച്ച് സമരം അവസാനിപ്പിക്കാനാണ് ശ്രമമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.