പരാതിക്കാരനായ ദലിത് യുവാവിനെ പ്രതികൾക്കൊപ്പം ലോക്കപ്പിൽ നിർത്തി ആക്ഷേപിച്ചതായി ആരോപണം
text_fieldsകൊട്ടാരക്കര : പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ ദളിത് യുവാവിനെ പ്രതികൾക്കൊപ്പം ലോക്കപ്പിൽ നിർത്തി കൊട്ടാരക്കര സി. ഐ ആക്ഷേപിച്ചതായി പരാതി. താമരകുടി ഡീസന്റ് മുക്ക് പുത്തൻവിള വീട്ടിൽ വിനോദ് (36) ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിനോദിനെ നാല് പേർ ചേർന്ന് അക്രമിച്ചുവെന്ന് കാട്ടി വിനോദ് കൊട്ടാരക്കര പൊലീസിൽ നവംബർ 17 ന് പരാതി നൽകിയിരുന്നു. നാൽവർ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിനോദിനെ താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിലും ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു.
ചികിത്സ കഴിഞ്ഞു മടങ്ങി എത്തിയിട്ടും കൊട്ടാരക്കര പൊലീസ് കേസെടുത്തില്ല. 27 ന് വീണ്ടും മടങ്ങിയെത്തി വിനോദ് പോലീസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ പോലീസ് പിന്നീട് കേസെടുത്തു. പോലീസ് ആവശ്യപെട്ടത് പ്രകാരം പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ എത്തിയ വിനോദിനെ മണിക്കൂറുകളോളം പ്രതികളോടൊപ്പം ലോക്കപ്പിൽ നിർത്തി ജാതി പേര് വിളിച്ചു ആക്ഷേപിച്ചെന്ന് വിനോദ് പറയുന്നു. മർദ്ദനത്തിൽ അക്രമികൾ തന്റെ ചെവി കടിച്ചു മുറിച്ചിരുന്നു.
എന്നാൽ ദുർബല വകുപ്പുകൾ മാത്രമാണ് പോലീസ് പ്രതികൾക്കെതിരെ ചുമത്തിയത്. പരാതി സ്വീകരിച്ചതിന്റെ രസീത് ചോദിച്ച തന്നെ ജി.ഡി ചാർജുള്ള പോലീസുകാരൻ സലിൻ ആക്ഷേപിച്ചതായും ഭീഷണിപെടുത്തിയതയും വിനോദ് പറയുന്നു. മുഖ്യ മന്ത്രിക്കും, കേരള നിയമസഭ പെറ്റീഷൻ കമ്മിറ്റിക്കും, ഡി. ജി.പി ക്കും, പട്ടിക ജാതി ക്ഷേമ വകുപ്പിനും വിനോദ് പരാതി നൽകി. എന്നാൽ ഇരു കക്ഷികൾക്കെതിരെയും പരാതി ഉള്ളതിനാൽ രണ്ട് കൂട്ടരെയും ലോക്കപ്പ് മുറിക്ക് പുറത്ത് നിർത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കൊട്ടാരക്കര സി. ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.