‘ഭരണകൂടം വേട്ടക്കാർക്ക് ആയുധവും പിന്തുണയും നൽകി നരനായാട്ടിന്‍റെ കാവൽക്കാരായത് പൊറുക്കാനാവാത്ത കുറ്റം’
text_fieldsകോഴിക്കോട്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന വംശീയ അതിക്രമങ്ങൾക്കും ഭരണകൂട ഭീകരതക്കുമെതിരെ ജനാധിപത്യ പ്രക്ഷോഭങ്ങൾ ഉയരണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള വനിത വിഭാഗം പ്രസിഡന്‍റ് പി.ടി.പി സാജിത. ജി.ഐ.ഒയും ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിത വിഭാഗവും സംയുക്തമായി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ.
മണിപ്പൂരിൽ രണ്ടര മാസമായി തുടരുന്ന വംശീയ അതിക്രമങ്ങളെ നേരിടുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിച്ച അനാസ്ഥയാണ് വിഷയം വഷളാക്കിയത്. ഇരകൾക്കൊപ്പം നിൽക്കേണ്ട ഭരണകൂടം വേട്ടക്കാർക്ക് ആയുധവും പിന്തുണയും നൽകി നരനായാട്ടിന്‍റെ കാവൽക്കാരായി മാറിയത് പൊറുക്കാനാവാത്ത കുറ്റമാണ്. ഇത്തരം ഭരണകൂട ഭീകരതയെ ജാതി-മത ഭേദമന്യേ ജനധിപത്യ വിശ്വാസികൾ ഒന്നിച്ച് പ്രതിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ശൂറാ അംഗം പി. റുക്സാന, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, വനിത വിഭാഗം വൈസ് പ്രസിഡന്റ് സി.വി ജമീല, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം അയിശ ഗഫൂർ, വനിത വിഭാഗം സെക്രട്ടറി ആർ.സി. സാബിറ, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം പി. ഹിറ എന്നിവർ സംസാരിച്ചു. കോഴിക്കോട് കെ.എസ്.ആർ.ടി.സിക്ക് സമീപം വിദ്യാർഥി ഭവനിൽനിന്ന് ആരംഭിച്ച പ്രകടനം കിഡ്സൻ കോർണറിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.