സ്പീക്കർ പ്രസ്താവന തിരുത്തുന്നതാണ് നല്ലത് -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: വിശ്വാസം സംബന്ധിച്ച് സ്പീക്കർ എ.എൻ.ഷംസീർ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ സ്പീക്കർ ജാഗ്രത കാട്ടിയില്ല. പ്രസ്താവനയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമം. വിവാദം ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രവും മതവും തമ്മിൽ കൂട്ടികുഴക്കേണ്ട ആവശ്യമില്ല. വിവാദങ്ങൾ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് കോൺഗ്രസ് നിശബ്ദത പാലിച്ചത്. ഇപ്പോൾ വിഷയം കൈവിട്ട് പോയിരിക്കുകയാണ്. വിശ്വാസികൾക്കൊപ്പമാണ് എക്കാലത്തും കോൺഗ്രസ് നിലകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വിവാദം ഇന്ന് കൊണ്ട് അവസാനിക്കണം. വിവാദത്തിൽ കോൺഗ്രസ് രാഷ്ട്രീയമുതലെടുപ്പ് നടത്തില്ല. ഇതിൽ നിന്നും ലഭിക്കുന്ന വോട്ടും കോൺഗ്രസിന് വേണ്ട. സുരേന്ദ്രൻ പറയുന്നത് പോലെ കോൺഗ്രസിന് പ്രതികരിക്കാനാവില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
വിശ്വാസ സംരക്ഷണത്തിൽ എൻ.എസ്.എസ് ഹൈന്ദവ സംഘടനകൾക്കൊപ്പമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ആർ.എസ്.എസുമായും ബി.ജെ.പിയുമായും എൻ.എസ്.എസ് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.എൻ ഷംസീറിന്റെ പ്രസ്താവന വിശ്വാസികളുടെ ചങ്കിൽ തറക്കുന്നതാണ്. ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാവില്ല. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. സ്പീക്കര്‍ക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സമാനമാണ്. ബുധനാഴ്ചത്തെ പ്രതിഷേധം സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.