കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതിയുടെ മരണം :ഇറച്ചിയുടെ പഴക്കമാകാം കാരണമെന്ന് നിഗമനം
text_fieldsകോട്ടയം: ഇറച്ചിയുടെ പഴക്കമോ ശരിയായ രീതിയില്‍ വേവാത്തതോ ആകാം കോട്ടയത്തെ ഭക്ഷ്യവിഷബാധക്ക് കാരണമെന്ന നിഗമനത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ്. നേരത്തേ ഇറച്ചിവാങ്ങി സൂക്ഷിക്കാനും ഓര്‍ഡറുകള്‍ കൂടുമ്പോള്‍ പൂര്‍ണമായി വേവുന്നതിനുമുമ്പ് പാർസല്‍ നല്‍കാനും ഇടയുണ്ട്.
വാങ്ങിയ പാർസല്‍ വൈകി കഴിച്ചാലും അപകട കാരണമാകാമെന്ന് ഇവർ പറയുന്നു. അല്‍ഫാമിന് ഒപ്പം ഉപയോഗിക്കുന്ന മയോണൈസ് പഴകിയാലും അപകടമുണ്ടാകും. ശുചിത്വക്കുറവ് അടക്കം പരിശോധിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു.
ഹോട്ടലിന്‍റെ അടുക്കള പ്രവർത്തിച്ചത് അനുമതിയില്ലാതെ
ഗാന്ധിനഗർ (കോട്ടയം): നഴ്സിന്റെ മരണത്തിന് ഇടയാക്കിയ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിന്‍റെ അടുക്കള പ്രവർത്തിച്ചത് അനുമതിയില്ലാതെ. ഹോട്ടലിന് മാത്രമാണ് നിലവില്‍ ലൈസന്‍സുള്ളത്. ഇവിടെനിന്ന് ഒരുകിലോമീറ്റർ അകലെയാണ് പ്രധാന അടുക്കള. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡില്‍ പ്രവർത്തിക്കുന്ന ഇതിന് നഗരസഭയുടെ ലൈസന്‍സ് ഉണ്ടായിരുന്നില്ല. അടുക്കളയുടെ പ്രവർത്തനം മറ്റൊരിടത്താണെങ്കിൽ സ്ഥാപനത്തിന് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനുള്ള ലൈസൻസ് മാത്രമേ അനുവദിക്കാവൂവെന്നാണ് വ്യവസ്ഥ. എന്നാൽ, ഹോട്ടലിനുള്ള ലൈസൻസാണ് നഗരസഭ നൽകിയത്. ഇതിലടക്കം വൻ അഴിമതി നടന്നതായാണ് ആക്ഷേപം. നഗരസഭ ഉദ്യോഗസ്ഥർ ഇവരെ വഴിവിട്ട് സഹായിച്ചതായുള്ള ആരോപണവും ശക്തമാണ്. നഴ്സ് മരിച്ചതിന് പുറമെ ഇവിടെനിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേർ നിലവില്‍ ചികിത്സയിലുമാണ്.
ഹോട്ടലിൽ മുമ്പും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. നവംബറിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ 15 പേര്‍ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ അധികൃതര്‍ അടുക്കളയിൽ പരിശോധന നടത്തി പൂട്ടിച്ചു മടങ്ങി. അന്ന് ഹോട്ടലില്‍ പരിശോധന നടത്തിയില്ലെന്നും സാമ്പിള്‍ ശേഖരിക്കാന്‍പോലും തയാറായില്ലെന്നും ആരോപണമുണ്ട്. പൂട്ടി അഞ്ചാം ദിവസം വീണ്ടും അടുക്കളയും ഹോട്ടലും തുറന്നു. അതേസമയം, പരാതി ഉയര്‍ന്നപ്പോൾ തന്നെ നടപടിയെടുത്ത് സ്ഥാപനം പൂട്ടിച്ചതായും വിഷയത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ഭക്ഷ്യ സുരക്ഷ ഓഫിസര്‍ സി.ആര്‍. രണ്‍ദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.