പൂക്കച്ചവടക്കാർക്ക് ഓണക്കാലം വറുതിക്കാലമാകുമോ?
text_fieldsതിരുവനന്തപുരം: ഓണക്കാലമെന്നാൽ വ്യാപാരികളുടെ കൊയ്ത്തുകാലമാണ്. പൂ വ്യാപാരികൾക്കാകട്ടെ ചാകരക്കാലവും. എന്നാൽ, ഇക്കുറി ഓണക്കാലം വറുതിക്കാലം ആകുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വേണ്ടെന്നുെവച്ചത് ഓണക്കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കല്യാണങ്ങൾ കൂടുതൽ നടക്കുന്ന മാസങ്ങളും ഓണവുമാണ് പൂക്കച്ചവടക്കാരുടെ നല്ലകാലം. കോളജുകളിലും സർക്കാർ ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും നടത്തുന്ന ഓണാഘോഷങ്ങൾ വിപണിക്ക് നൽകുന്ന ഊർജം ചെറുതല്ല. ഓണവ്യാപാരത്തിനായി ചാലയിലെ കച്ചവടക്കാർ അന്യസംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പൂക്കൾ ഇതുവരെ ഓർഡർ ചെയ്തിട്ടില്ല. തോവാള, സേലം, മധുര, തിരുനെൽവേലി, ദിണ്ടുക്കൽ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഓണപ്പൂക്കൾ പ്രധാനമായും എത്തുന്നത്.
സാധാരണ ഈ സമയങ്ങളിൽ പൂക്കൾക്ക് വില കൂടിത്തുടങ്ങേണ്ടതാണ്. മുല്ലക്ക് മാത്രമാണ് കിലോക്ക് 500 രൂപവരെ കൂടിയത്. പിച്ചി ഉൾപ്പെടെ മറ്റ് പൂക്കൾക്ക് വില മാറ്റമില്ലാത്തത് വിപണിയിലെ തണുപ്പൻ മട്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഓണത്തിന് പിച്ചിക്കും മുല്ലക്കുമൊക്കെ കിലോക്ക് 4000 രൂപവരെയായിരുന്നു വില. അത്തപ്പൂക്കളമൊരുക്കാനുള്ള ജമന്തികളും അരളികളും വാടാമല്ലിയും കോഴിപ്പൂവും ഒക്കെ ഇക്കുറി വളരെ കുറച്ചേ സംഭരിക്കുന്നുള്ളൂവെന്നാണ് ചാലയിലെ വ്യാപാരികൾ പറഞ്ഞത്. കരമന മുതൽ ചാല വരെ 54 കടകളാണ് ഉള്ളത്.
എല്ലായിടത്തും കച്ചവടം കുറവാണെന്ന് ട്രിവാൻഡ്രം ഫ്ലവറിസ്റ്റ് അസോസിയേഷൻ പറയുന്നു. മികച്ച കച്ചവടം നടക്കുന്ന കർക്കടകവാവിനും കച്ചവടം മോശമായിരുന്നു എന്നാണ് കച്ചവടക്കാർ പറയുന്നത്. സ്മാർട്ട് റോഡ് നിർമാണം ഇഴയുന്നത് വ്യാപാരത്തെ സാരമായി ബാധിച്ചതായി വ്യാപാരികൾ അഭിപ്രായപ്പെട്ടു. അത്തം തുടങ്ങിയാൽ വ്യാപാരം മെച്ചപ്പെട്ടേക്കാമെന്ന പ്രതീക്ഷയും ചിലർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.