ബസ് സ്റ്റോപ്പിൽ ആണും പെണ്ണും അടുത്തിരിക്കുന്നതിന് വിലക്ക്; മടിയിലിരുന്ന് പ്രതിഷേധിച്ച് വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: സദാചാരവാദികൾക്കെതിരെ എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധം. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിന്(സി.ഇ.ടി) സമീപമാണ് സംഭവം. ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ചതിനെതിരെയാണ് വിദ്യാർഥികൾ രംഗത്തുവന്നത്. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടുപേർ ഒരുമിച്ചിരുന്നായിരുന്നു ഇതിന് വിദ്യാർഥികളുടെ മറുപടി.
ചൊവ്വാഴ്ച വൈകീട്ട് ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് ഇരിപ്പിടം പൊളിച്ചുമാറ്റിയ കാര്യം വിദ്യാർഥികൾ അറിഞ്ഞത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് കണ്ട് തടയാനാണ് ഇങ്ങനെ ചെയ്തത് എന്നു മനസിലാക്കിയപ്പോൾ വിദ്യാർഥികൾ പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ഇരിപ്പിടത്തിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു. '' അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ, മടീൽ ഇരിക്കാലോല്ലേ എന്ന കുറിപ്പോടെ ''ഇതിന്റെ ചിത്രവും വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രം ആളുകൾ ഏറ്റെടുത്തു. വിവരമറിഞ്ഞ് മറ്റു വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തി. കോളജിലെ രണ്ടാംവർഷ വിദ്യാർഥികൾ ആണ് മറുപടിയുമായി രംഗത്തുവന്നത്.
മുമ്പ് പെൺകുട്ടികൾ 6.30ന് ഹോസ്റ്റലിൽ കയറണമെന്ന നിർദേശത്തിനെതിരെയും വിദ്യാർഥികൾ സമരം നടത്തിയിരുന്നു. തുടർന്നാണ് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറേണ്ട സമയം രാത്രി 9.30വരെ ആക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.