വിശ്വനാഥന്റെ മരണത്തിൽ ചുരുളഴിക്കാനാവാത്തവിധം ദുരൂഹതകളെന്ന് സൂചന
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ചുരുളഴിക്കാനാവാത്തവിധം ദുരൂഹതകളെന്ന് സൂചന. സി.സി.ടി.വി ദൃശ്യങ്ങളിൽ വിശ്വനാഥനെ മർദിക്കുന്ന രംഗങ്ങൾ ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. പട്ടികജാതി ഗോത്ര കമീഷൻ കോഴിക്കോട് സിറ്റിങ് നടത്തിയപ്പോഴാണ് പരസ്പര വിരുദ്ധ മൊഴികൾ പലരും നൽകിയത്.
മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ആൾകൂട്ടം ചോദ്യ ചെയ്ത് തുടങ്ങിയത് രാത്രി 11 ഓടെയാണ്. അതിനാൽ മെഡിക്കൽ കോളജിൽ രാവിലെ വന്നു വൈകീട്ട് പോകുന്ന എസ്.ടി പ്രമോട്ടർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല. വിശ്വനാഥന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് സി.സി.ടി.വിയിൽ കാണാം. എന്നാൽ കൂടി നിന്നവരെ തിരിച്ചറിയാനായിട്ടില്ല. തുടർന്ന് രണ്ടുമണിക്കൂറോളം വിശ്വനാഥൻ അവിടെ നൽക്കുന്നുണ്ട്. എന്നാൽ, വിശ്വനാഥനെ ചോദ്യം ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. വിശ്വനാഥനാണ് പരാതി പറഞ്ഞതെന്നും സെക്യുരിറ്റി വിശദീകരിക്കുന്നു. സംഭവത്തിൽ സെക്യൂരിറ്റിക്കാർ ഇടപെട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്.
പണവും മൊബൈലും നഷ്ടപ്പെട്ടുവെന്നും അത് വിശ്വനാഥൻ മോഷ്ടിച്ചുവെന്നും ആരോപണം ഉയർത്തിയ വ്യക്തി ആരാണെന്ന് ആർക്കും അറിയില്ല. പൊലീസ് അന്വേഷണത്തിൽ ഇവർ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണവും മൊബൈലും നഷ്ടപ്പെട്ടെന്ന് പറഞ്ഞവരാകട്ടെ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ടായിരുന്നില്ല.
വിശ്വനാഥന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തുമ്പോൾ മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നത് പൊലീസിന്റെ വീഴ്ചയാണ്. വിശ്വനാഥനെ കാണാനില്ലെന്ന വിവരം ലഭിച്ച ഫയർഫോഴ്സ് അവിടെ തിരച്ചിൽ നടത്തിയിരുന്നു. കിണറ്റിലാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയ സ്ഥലത്തിന് അടുത്തുള്ള മരത്തിലാണ് മൃതദേഹം തൂങ്ങിനിന്നത്. എന്നാൽ, ഫയർഫോഴ്സ് താഴേക്ക് മാത്രമാണോ നോക്കിയത്, മരത്തിന് മുകളിലേക്ക് അവർ നോക്കിയില്ലേ എന്നാണ് വിമർശനം.
മെഡിക്കൽ കോളജ് അധികൃതരാണ് ഒരാളെ കാണാനില്ലെന്ന വിവിരം അറിയിച്ചത്. അങ്ങനെ അറിയിക്കാൻ കാരണമെന്താണെന്ന് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയരുന്നു. രാത്രി 12.30 ന് വാക്കാൽ പരാതി നൽകി എന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ അനുസരിച്ച് രാത്രി 1.10 വരെ വിശ്വനാഥൻ മെഡിക്കൽ കോളജിന്റെ മുന്നിലുണ്ട്.
ഈ സംഭവത്തിൽ പൊലീസും മെഡിക്കൽ കോളജ് അധികൃതരും ഗുരുതര വീഴ്ചവരുത്തിയെന്ന് പട്ടികജാതി ഗോത്ര കമ്മീഷന് ബോധ്യമായിട്ടുണ്ട്. വിശ്വനാഥന്റെ കൈയിൽ ഉണ്ടായിരുന്ന പണം മൃതദേഹത്തിൽ ഉണ്ടായില്ലെന്നാണ് അറിയുന്നത്. ആത്മഹത്യ ചെയ്യാൻ മാത്രം അദ്ദേഹത്തെ ഭയപ്പെടുത്തിയത് ആരാണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കേണ്ടത് പൊലീസ് ആണ്. എന്നാൽ പൊലീസ് ആദ്യം മുതൽ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് വിമർശനം. മെഡിക്കൽ കോളേജ് അധികൃതർ വിശ്വനാഥന് മാനുഷികമായ പരിഗണന നൽകാൻ തയാറായില്ലെന്നും ആക്ഷേപം ഉയരുന്നു.
വിശ്വനാഥനെ ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വിശ്വനാഥന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് വിശ്വനാഥന്റെ ഭാര്യയുടെ മാതാവ് ആരോപിച്ചിരുന്നു. ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കല്‍ കോളേജിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.