സി.പി.എം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങുന്നത് കുറുക്കൻ കോഴിയുടെ സുഖമന്വേഷിക്കാൻ ചെല്ലുന്നത് പോലെ -കെ.സുധാകരൻ
text_fieldsതിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബഹുസ്വരത സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് കെ.പി.പി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ബഹുസ്വരതയുടെ ആഘോഷം എന്നപേരിൽ ജൂലൈ മാസത്തിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ട സംഗമങ്ങൾ നടത്തുകയെന്ന് സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യത്തിൽ രാഷ്ട്രീയലാഭം നോക്കിയാണ് സി.പി.എം പ്രവർത്തിക്കുന്നത്. കുറുക്കൻ കോഴിയുടെ സുഖമന്വേഷിക്കാൻ ചെല്ലുന്നത് പോലെയാണ് സി.പി.എം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങുന്നതെന്നും കെ.സുധാകരൻ പരിഹസിച്ചു.
ഏക സിവിൽ കോഡ് വിഷയത്തിൽ ഇ.എം.എസ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാട് എന്താണെന്ന് നമുക്കറിയാം. ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയവാരാണ് അവർ. ശരീഅത്ത് നിയമത്തിനെതിരെ പ്രസംഗിച്ച് നടന്നവരാണ്. ഇപ്പോൾ നിലനിൽപ്പിന് വേണ്ടി മലക്കംമറിഞ്ഞിരിക്കുകയാണ് സി.പി.എം എന്ന് സുധാകരൻ കുറ്റപ്പെടുത്തി.
കേരളത്തിൽ ഇപ്പോൾ തുടരുന്നത് പകപോക്കൽ രാഷ്ട്രീയമാണ്. പത്രമാധ്യമങ്ങൾക്ക് പോലും രക്ഷയില്ലാതെയായി. പത്രമാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത സർക്കാർ ജനാധിപത്യത്തിന് അപമാനമാണ്. രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരെ 283 ബ്ലോക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചും മാധ്യമസ്വാതന്ത്ര്യ സംഗമങ്ങളും സംഘടിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.