ഷിരൂരിൽ കണ്ടെത്തിയത് അർജുൻ ഓടിച്ച ലോറിയല്ല
text_fieldsമംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് ഗംഗാവാലി നദിയിൽ കാണാതായ ലോറിയും ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനേയും കണ്ടെത്താൻ രണ്ടു മാസത്തിനിടെ മൂന്നാമത്തെ തിരച്ചിൽ ദൗത്യം ശനിയാഴ്ച ആരംഭിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പുറത്തെടുത്ത കാബിനും ടയറുകളും അര്ജുൻ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ചാണ് രണ്ടു ടയറുകളും കാബിനും പുറത്തെടുത്തത്. ഇവ രണ്ടും തന്റെ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിക്കുകയായിരുന്നു. വൈകീട്ട് നാലോടെ ഈശ്വർ തിരച്ചിൽ അവസാനിപ്പിച്ചു.
അര്ജുന് ഉൾപ്പെടെ മൂന്നുപേരെ കണ്ടെത്താനുള്ള തിരച്ചിൽ രണ്ടു പോയന്റുകളിലാണ് ശനിയാഴ്ച നടത്തിയത്. നാവികസേന അടയാളപ്പെടുത്തിയ നാലു പോയന്റുകളിൽ ആദ്യത്തേതില്‍നിന്ന് ടാങ്കറിന്റെ രണ്ടു ടയറുകളും ആക്സിലേറ്ററും രണ്ടാം പോയന്റില്‍നിന്ന് ടാങ്കറിന്റെ കാബിനും കണ്ടെത്തി. നാവികസേന അടയാളപ്പെടുത്തിയ നാലു പോയന്റുകളിലാണ് പരിശോധന തുടരുക.
ഗംഗാവാലി നദിയിൽ ഇറങ്ങി പരിശോധന നടത്താൻ ഈശ്വർ മൽപെക്ക് ആദ്യം ഉത്തര കന്നട ജില്ല അധികൃതർ അനുമതി നൽകിയിരുന്നില്ല. നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. ഗോവയിൽനിന്നെത്തിച്ച ഡ്രഡ്ജർ പ്രവൃത്തി വൈകീട്ട് ആറോടെ അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുട്ട് വീഴുംവരെ പ്രവർത്തിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് പുനരാരംഭിക്കുന്ന ദൗത്യം ഇതേസമയം ക്രമത്തിൽ തുടരും.
മണ്ണിടിച്ചിലിൽ ഗംഗാവാലി നദിയിൽ വീണ പാചകവാതകം നിറച്ച ടാങ്കർ ലോറിയിൽനിന്ന് വേർപെട്ട കാപ്സ്യൂൾ ടാങ്കറുകൾ ഏഴു കിലോമീറ്റർ അകലെ സഗഡ്ഗേരി ഗ്രാമത്തിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു. തമിഴ്നാട് സ്വദേശികളായ എം. മുരുഗൻ (45), കെ.സി. ചിന്ന (55) എന്നീ ഡ്രൈവർമാരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് 40 കിലോമീറ്ററോളം അകലെ ഹൈന്ദവ തീർഥാടന കേന്ദ്രമായ ഗോകർണ മേഖലയിൽനിന്ന് പിന്നീട് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.