ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് കൊച്ചിയിൽ നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ മദ്യപാനിയായി ചിത്രീകരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധന വില വർധനവിനെതിരെ ഷാഫി പറമ്പിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങളെ വഴിതടയുന്നത് ആസ്വദിക്കുന്നവരല്ല തങ്ങളെന്നും എന്നാൽ, ഇന്ധന വിലവർധനവിൽ മൗനം പാലിക്കാനാകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. തുടർന്ന് സംസാരിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലൻ കോൺഗ്രസിനെതിരെ രംഗത്തുവന്നു. ജോജുവിനെ വഴി തടഞ്ഞതും വണ്ടി അടിച്ചുപൊട്ടിച്ചതും കോൺഗ്രസുകാരാണ്. ഇദ്ദേഹം മദ്യപിച്ചു എന്ന് പറഞ്ഞ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകായണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, കേരളത്തിൽ അക്രമസമര പരമ്പര നടത്തിയവരാണ് കോൺഗ്രസിനെതിരെ വിമർശനം ഉന്നയിക്കുന്നതെന്ന് വി.ഡി. സതീശൻ മന്ത്രിക്ക് മറുപടി നൽകി. ജനങ്ങളുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ഉണ്ടായതിനാലാണ് സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെയാണ് ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ജോജുവിനെതിരെ മോശം പരാമർശങ്ങൾ നടത്തിയ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെയും മുഖ്യമന്ത്രി വിമർശിച്ചു.
യു.പി.എ ഭരിക്കുേമ്പാൾ കേരളത്തിൽ ഇന്ധനവില വർധനയുടെ പേരിൽ അഞ്ച് തവണ ഹർത്താൽ നടത്തിയവരാണ് എൽ.ഡി.എഫ് എന്നും 10 കൊല്ലം കഴിഞ്ഞപ്പോൾ അത് എങ്ങനെ മറന്നുവെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് മറുപടി നൽകി. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.