'കാസ്റ്റ് കൗച്ചർമാരെയും' വഞ്ചകരെയും ഇടതു സർക്കാർ സംരക്ഷിക്കേണ്ടതില്ല; ഹേമ കമീഷൻ റിപ്പോർട്ട് നടപ്പാക്കാത്തതിനെതിരെ എൻ.എസ് മാധവൻ
text_fieldsമലയാള ചലചിത്ര രംഗത്ത് സ്ത്രീകർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ജസ്റ്റിസ് ഹേമ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാത്തതിനെതിരെ എഴുത്തുകാരൻ എൻ.എസ് മാധവൻ. 2019 ൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ വീണ്ടുമൊരു സമിതിയെ നിയമിച്ച സർക്കാർ നടപടിയെ വിമർശിച്ചു കൊണ്ടായിരുന്നു ട്വിറ്ററിലൂടെ എൻ.എസ്. മാധവന്റെ പ്രതികരണം.
'എന്താണിത്, രണ്ട് വർഷം ഒരു നടപടിയും എടുക്കാതെ ജസ്റ്റിസ് ഹേമ കമീഷന്റെ റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതി നിയമിച്ചിരുക്കുന്നു' -എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.
ഒരു ഇടതു സർക്കാർ ഇരകളോടൊപ്പമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഹേമ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ഡിസംബർ 31 ന് സമർപ്പിച്ച ജസ്റ്റിസ് ഹേമ കമീഷന്റെ റിപ്പോർട്ട് പുറത്തുവിടാനോ അതിൽ എന്തെങ്കിലും നടപടി കൈകൊള്ളാനോ ഇതുവരെ സർക്കാർ തയാറായിട്ടില്ല.
'കാസ്റ്റ് കൗച്ചർമാരെയും' അതുപോലുള്ള മറ്റു വഞ്ചകരെയും സംരക്ഷിക്കേണ്ട ചുമതല സർക്കാറിനില്ല - സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബചന്ധിച്ച ഹേമ കമീഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് ഹേമ കമീഷനെ സർക്കാർ നിയമിച്ചത്. എന്നാൽ, ഈ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് രണ്ടു വർഷത്തിന് ശേഷവും പുറത്തുവിടാൻ സർക്കാർ തയാറായിട്ടില്ല. അതിലെ ശിപാർശകൾ നടപ്പാക്കിയിട്ടുമില്ല.
വേദനാജനകമായ ആക്രമണത്തിന് ശേഷം കാര്യമായ പിന്തുണ ലഭിക്കാത്തത് സംബന്ധിച്ച് നടി സോഷ്യൽ മീഡയയിൽ പങ്കുവെച്ച പോസ്റ്റ് വീണ്ടും വാർത്തകളിൽ ഇടം നേടിയ ശേഷമാണ് കമീഷൻ റിപ്പോർട്ട് സംബന്ധിച്ച് പഠിക്കാൻ മറ്റൊരു സമിതിയെ നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ആക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സിനിമ മേഖലയിലെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും നടിയുടെ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. ഇതിനെ പരിഹസിച്ചുകൊണ്ടും സൂപ്പർസ്റ്റാറുകളുടെ ആത്മാർഥതയെ ചോദ്യം ചെയ്തും കഴിഞ്ഞ ദിവസം എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തിരുന്നു. എ എം എം എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.