ഗവർണർ രാഷ്ട്രീയം പറയുന്നത് ശരിയല്ല -ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള
text_fieldsഓച്ചിറ: ഗവർണർക്ക് രാഷ്ട്രീയം പാടില്ലെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ഗവർണർ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും ഓച്ചിറയിൽ വൃശ്ചികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗോവയിലെ 426 ഗ്രാമങ്ങൾ സന്ദർശിച്ച്, അവിടുത്തെ 31 വൃക്ഷങ്ങളെ കുറിച്ച് പഠനം നടത്തിയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിൽ ഗോവയുടെ പാരമ്പര്യ വൃക്ഷങ്ങൾ (Heritage Trees of Goa) എന്നപേരിൽ താൻ ഇംഗ്ലീഷിൽ എഴുതുന്ന പുസ്തകം അവിടുത്തെ സർക്കാർ ഉടൻ പുറത്തിറക്കും. പുസ്തകത്തിൽ ഓച്ചിറയിലെ പുരാതനമായ ആൽവൃക്ഷംകൂടി ഉൾപ്പെടുത്താൻ കഴിയുമോയെന്ന് സർക്കാറിനോട് ആരായും.
വൃക്ഷങ്ങളിൽ ഈശ്വരനെ കാണുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സങ്കൽപ്പം വിസ്മയമാണ്. തന്‍റെ വിശ്വാസവും അതുതന്നെയാണ്. അതുകൊണ്ട് പുസ്തക പ്രകാശനവേളയിൽ വൃക്ഷപൂജ നടത്താൻ ആഗ്രഹിക്കുന്നതായും ഗവർണർ പറഞ്ഞു.
ചടങ്ങിൽ മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ, എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ബൈജു കലാശാല, വീരശൈവ മഹാസഭ പ്രസിഡന്‍റ് ടി. കുഞ്ഞുമോൻ, ക്ഷേത്ര ഭരണ സമിതി പ്രസിഡന്‍റ് ജി. സത്യൻ, സെക്രട്ടറി കെ. ഗോപിനാഥൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, വൈസ് പ്രസിഡന്‍റ് പാറയിൽ രാധാകൃഷ്ണൻ, രക്ഷാധികാരി എം.സി. അനിൽകുമാർ, കൺവൻഷൻ കമ്മിറ്റി കൺവിനർ ബി.എസ്. വിനോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.