Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആദിവാസികളെ...

‘ആദിവാസികളെ പ്രദർശനവസ്തുവാക്കിയതല്ല, അവതരിപ്പിച്ചത് പളിയനൃത്തം’ -മന്ത്രി രാധാകൃഷ്ണനെ തിരുത്തി മുഖ്യമന്ത്രി

text_fields
bookmark_border
‘ആദിവാസികളെ പ്രദർശനവസ്തുവാക്കിയതല്ല,  അവതരിപ്പിച്ചത് പളിയനൃത്തം’ -മന്ത്രി രാധാകൃഷ്ണനെ തിരുത്തി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ‘കേരളീയം’ പരിപാടിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതല്ലെന്നും അവരുടെ തനത് കലാരൂപമായ ‘പളിയനൃത്തം’ പരിചയപ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളീയത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടിട്ടില്ലെന്നാണ് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞതെന്ന് പിണറായി ചൂണ്ടിക്കാട്ടി. പരിശോധിച്ച് നടപടിയുണ്ടാകും എന്നാണ് മന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽനിന്ന്:

‘നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം. പന്തക്കാളി, കളവും പുള്ളുവന്‍പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയര്‍ എന്ന ആദിവാസി വിഭാഗത്തിന്‍റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം.

ഊരു മൂപ്പന്‍മാരെ സന്ദര്‍ശിച്ച് നിര്‍മാണ രീതി നേരിട്ട് മനസിലാക്കി അവരുടെ മേല്‍നോട്ടത്തിലാണ് പരമ്പരാഗത കുടിലുകള്‍ നിര്‍മ്മിച്ചത്. ഈ കുടിലിന്‍റ മുന്‍പില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയില്‍ അനുഷ്ഠാന കല അവതരിപ്പിച്ചതില്‍ എന്താണ് തെറ്റ് ? കേരളീയത്തിന്‍റെ ഭാഗമായി പരമ്പരാഗത ഗോത്രവിഭാഗത്തില്‍പ്പെട്ട ഒരു സംഘം കലകാരന്മാര്‍ക്ക് അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് ഫോക് ലോര്‍ അക്കാദമി അവസരമൊരുക്കുകയാണ് ചെയ്തത്.

കഥകളിയും ഓട്ടന്‍തുള്ളലും നങ്ങ്യാര്‍കൂത്തും തിരുവാതിരകളിയും പോലെ ഒരു കലാരൂപം ആണ് പളിയ നൃത്തവും. ആ കലാരൂപത്തിന്‍റെ ഭാഗമായി പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകള്‍ക്ക് മുന്നില്‍ ഇരുന്ന കലാകാരന്‍മാരെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശത്തോടെയല്ല.

കേരളത്തിന് അകത്തും പുറത്തുമായി നടക്കുന്ന വിവിധ പരിപാടികളില്‍ ഫോക് ലോര്‍ അക്കാദമിയുമായി സഹകരിക്കുന്ന കലാകാരന്‍മാരാണ് കേരളീയത്തിലും പങ്കെടുത്തത്. തങ്ങളുടെ കലാപ്രകടനം ഒരുപാട് പേര്‍ കണ്ടതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. കലാപ്രകടനത്തിന് ശേഷം അതിനായി തയ്യറാക്കിയ പരമ്പാരാഗത കുടിലിന് മുന്നില്‍ വിശ്രമിച്ച ചിത്രമാണ് പ്രദര്‍ശനവസ്തു എന്ന പേരില്‍ പ്രചരിച്ചത് എന്ന കാര്യവും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആദിവാസികളെ ഷോക്കേസ് ചെയ്തു എന്ന പ്രചാരണം തെറ്റാണ്. ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല. ലോകത്ത് എല്ലായിടത്തും ആദിമ മനുഷ്യരുടെ ജീവിത രീതികളും അവരുടെ ആചാര അനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് നാം കാണാറുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡില്‍ രാജ്യത്താകെയുള്ള ജന വിഭാഗങ്ങളുടെ ജീവിതത്തിന്‍റെ പരിച്ഛേദം അടയാളപ്പെടുത്താറുണ്ട്. അതില്‍ ആദിവാസികള്‍ അടക്കമുള്ള ജന സമൂഹത്തിന്‍റെ ജീവിത ശൈലികള്‍ അവതരിപ്പിക്കുന്നത് ജനശ്രദ്ധ നേടാറുമുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഗദ്ദിക എന്ന പരിപാടിയിലൂടെ വിവിധ ആദിവാസി വിഭാഗത്തിന്‍റെ ജീവിതവും അവരുടെ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകളും പ്രമേയമാക്കി അവതരിപ്പിച്ച പരിപാടി വലിയ ജനശ്രദ്ധ നേടിയിരുന്നു. അതില്‍ അവതരിപ്പിച്ചതില്‍ കൂടുതലൊന്നും കേരളീയത്തില്‍ ഉണ്ടായിട്ടില്ല. ഇവിടെ കേരളീയം വന്‍തോതില്‍ ജനശ്രദ്ധ നേടിയപ്പോള്‍ അതിന്‍റെ ശോഭ കെടുത്താനുള്ള ചില ശ്രമങ്ങളാണുണ്ടായത്.’

ആദിവാസികളെ ഷോക്കേസിൽ വെക്കരുത് -കെ. രാധാകൃഷ്ണൻ

കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വ്യാപക വിമർശനത്തിനിടെ, ആദിവാസികളെ ഷോക്കേസിൽ വെക്കരുതെന്നാണ് തന്‍റെ നിലപാടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ‘വ്യക്തിപരമായ അഭിപ്രായം ഇവരെ ഷോക്കേസിൽ വെക്കാൻ പാടില്ലെന്നാണ്. ഒരുകാരണവശാലും ആദിവാസി ജനവിഭാഗങ്ങളെ ഷോക്കേസിൽ വെക്കേണ്ട ജനതയാണ് എന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നതും ശരിയല്ല. അത് തെറ്റായ സന്ദേശമാണ്. ഇവിടെ സംഭവിച്ചത് എന്താണെന്ന് പരിശോധിച്ച് നടപടിയുണ്ടാകും. ഫോക്‌ലോർ അക്കാദമിയാണ് അത് ചെയ്തിരിക്കുന്നത്. പാളിച്ചകളുണ്ടായോ എന്ന് അവർ പരിശോധിക്കണം‘ -എന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

കേരളീയം പരിപാടിയുടെ ഭാഗമായാണ് ഫോക്‌ലോർ അക്കാദമി ആദിമം എന്ന പേരിൽ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി മ്യൂസിയം തയാറാക്കിയത്. ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് കനകക്കുന്നിൽ മ്യൂസിയം തയാറാക്കിയത്. പരമ്പരാഗത വസ്ത്രമണിഞ്ഞ് ആദിവാസികൾ കുടിലുകൾക്ക് മുന്നിൽ ഇരുത്തുകയും പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിക്കുകയുമായിരുന്നു. ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന് വ്യാപക വിമർശനം ഉയർന്നു. എന്നാൽ, ആദിവാസികൾ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയതാണെന്നും വിമർശകർ നിക്ഷിപ്ത താല്പര്യക്കാരാണെന്നുമായിരുന്നു ഫോക്‌ലോർ അക്കാദമിയുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k radhakrishnanPinarayi VijayanKeraleeyam
News Summary - it is not showpieces but paniya dance -says pinarayi vijayan on keraleeyam row
Next Story