ആരേയും വഴി തടയുന്നത് കോൺഗ്രസ് സംസ്ക്കാരമല്ല, സമരത്തെ തള്ളി കെ.സി വേണുഗോപാൽ
text_fieldsന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള കോണ്‍ഗ്രസിന്‍റെ വഴി തടയല്‍ സമരത്തെ തളളി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നടന്‍ ജോജു ജോര്‍ജിനു നേരെയുണ്ടായ അതിക്രമത്തിലാണ് വേണുഗോപാലിന്‍റെ പ്രതികരണം.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വഴി തടയല്‍ സമരം ഒഴിവാക്കേണ്ടതായിരുന്നു. വിമര്‍ശനം നടത്തുന്നവരെ ആക്രമിക്കുന്നത് ശരിയല്ല. ജോജു പ്രതിഷേധവുമായി എത്തിയ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് കരുതുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
നേരത്തേ വഴിതടയൽ സമരത്തെ എതിർത്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. വഴിതടയൽ സമരത്തിന് താൻ വ്യക്തിപരമായി എതിരാണെന്ന് വി.ഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസ് സമരത്തിനിടെ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വിലവർധനവിനെതിരെ ഇന്ന് എറണാകുളത്ത് നടത്തിയ റോഡ് ഉപരോധ സമരത്തിനിടയിലാണ് പ്രതിഷേധവുമായി നടൻ ജോജു രംഗത്തെത്തിയത്. എറണാകുളത്തെ ഇടപ്പള്ളി വൈറ്റില ബൈപ്പാസാണ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത്.
നടൻ മദ്യപിച്ചാണ് പ്രവർത്തകരോട് തട്ടിക്കയറിയതെന്നും വനിത പ്രവർത്തകരോട് മോശമായി സംസാരിച്ചതെന്നും ഡി.സി.സി പ്രസിഡന്‍റ് ഷിയാസ് പറഞ്ഞിരുന്നു. എന്നാൽ, ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞത് കോൺഗ്രസിന് തിരിച്ചടിയായി. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെത്തിയാണ് താരം വൈദ്യപരിശോധനക്ക് വിധേയനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.