പൊലീസ് വകുപ്പിലെ അക്കൗണ്ടുകളിൽ നിഷ്ക്രിയമായി 13.13 കോടിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : പൊലീസ് വകുപ്പിലെ വിവിധ കാര്യാലയങ്ങളിലായി അക്കൗണ്ടുകളിൽ 13.13 കോടി രൂപ നിഷ്ക്രിയമായി കിടക്കുന്നുവെന്ന് ധനകാര്യ റിപ്പോർട്ട്. തുക അടിയന്തരമായി സർക്കാർ ശീർഷകത്തിൽ തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പൊലീസ് വകുപ്പിലെ ബാങ്ക് അക്കൗണ്ടുകളിൽ നിഷ്ക്രിയമായി കിടക്കുന്നത് 12.92 കോടി രുപയാണ്. ഇതിൽ മുതലിനത്തിൽ 12,63,61,592 രൂപയും പലിശയിനത്തിൽ ബാക്കിയുള്ള 29,11,573 രൂപയും നിഷ്ക്രിയമായി കിടക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
ഇതിന് പുറമെ പൊലീസ് വകുപ്പിലെ വിവിധ കാര്യാലയങ്ങളിലായി ട്രഷറി അക്കൗണ്ടുകളിൽ നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുന്ന 20,042,39 രൂപയും പലിശയിനത്തിൽ സൂക്ഷിച്ചിരിക്കുന്ന 38,217-രൂപയും അടിയന്തരമായി തിരികെ അടക്കണമെന്നും ശിപാർശചെയ്തു.
പൊലീസ് ആസ്ഥാനത്തെയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ കാര്യലയത്തിലേയും നീക്കിയിരിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. പൊലീസ് ആസ്ഥാനത്ത് പിഴ ഇനത്തിൽ ലഭ്യമായ 2,40,01,102 രൂപ വെള്ളയമ്പലം എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ്. എസ്.ബി.ഐ വെള്ളയമ്പലം ബ്രാഞ്ചിലെ അക്കൗണ്ടിലെ പാസ്പോർട്ട് വെരിഫിക്കേഷൻ ഫീസ് ഇനത്തിൽ ലഭ്യമായ തുക 5,86,30, 851 രൂപയും നാളിതുവരെയുള്ള പലിശയും ചേർത്ത് സർക്കാറിലേക്ക് അടക്കണമെന്നാണ് റിപ്പോർട്ട്.
ദേവസ്വം ബോർഡിൽ നിന്നും ശബരിമലയിൽ മെസ് നടത്തുന്നതിനായി അനുവദിച്ചതിൽ ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ബ്രാഞ്ചിലെ എസ്.ബി അക്കൗണ്ടിൽ 11,90,674 രൂപയും പലിശ ഇനത്തിലെ തുകയായ 5,26,818 രൂപയും നീക്കിയിരിപ്പുണ്ട്. ഇതിൽ പലിശ ഇനത്തിലെ തുകയായ 5,26,818 രൂപ സർക്കാറിലേക്ക് അടക്കണം. ഇനത്തിൽ നീക്കിയിരിപ്പുള്ള 11,90,674 രൂപ സംബന്ധിച്ച് ഭരണ വകുപ്പ് ഉചിതമായ തീരുമാനം എടുക്കണം. ദേവസ്വം ബോർഡിൽനിന്നും ശബരിമലയിൽ മെസ് നടത്തുന്നതിനായി അനുവദിച്ചതിൽ ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ബ്രാഞ്ചിലെ എസ്.ബി അക്കൗണ്ടിൽ പലിശ ഇനത്തിൽ നീക്കിയിരിപ്പുള്ള 85,862 രൂപ സർക്കാറിലേക്ക് അടക്കണമെന്നും നിർദേശിച്ചു.
ഐ.ടി മിഷനിൽ നിന്നും സി.സി.ടി.എൻ.എസിൽ നടപ്പിലാക്കുന്നതിനായി അനുവദിച്ചതിൽ വെള്ളയമ്പലം എസ്.ബി.ഐ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള 606283.50 രൂപ (ട്രാൻസാക്ഷൻ സംബന്ധിച്ച സാധൂകരണം ലഭിച്ചതിനുശേഷം ശേഷിക്കുന്ന തുക) സർക്കാറിലേക്ക് തിരിച്ചടക്കുന്നതിന് നടപടി സ്വീകരിക്കണം. നാളിതുവരെയുള്ള പലിശ ഇനത്തിൽ ലഭ്യമായ 2,394 രൂപസർക്കാറിലേക്ക് അടക്കണം.
എസ്.ബി.ഐ വഴുതക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലുള്ള അഡ്വർടൈസ്മെന്റ്റ് ഇനത്തിൽ ലഭ്യമായ തുക 2,93,67 രൂപയിൽ വെർചൽ ക്യൂ സിസ്റ്റം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് നൽകേണ്ട തുക കൈമാറിയ ശേഷം ശേഷിക്കുന്ന തുക സർക്കാറിലേക്ക് അടക്കണം. പലിശ ഇനത്തിലെ 6614 രൂപ സർക്കാറിലേക്ക് അടക്കണം.
തിരുവനന്തപുരം ജില്ലാ സിറ്റി പൊലീസ് കമീഷണറുടെ കാര്യാലയത്തിലെ എസ്.ബി.ഐ ജഗതി ബ്രാഞ്ചിലെ അക്കൗണ്ടിലെ പിഴയിനത്തിൽ ലഭിച്ച നീക്കിയിരിപ്പ് തുകയായ 4,41,518.73 രൂപയും നാളിതുവരെയുള്ള പലിശയും സർക്കാറിലേക്ക് അടക്കണം.സിറ്റി പൊലീസ് കമീഷണറുടെ കാര്യാലയത്തിലെ എസ്.ബി.ഐ ജഗതി ബ്രാഞ്ചിലെ അക്കൗണ്ടിലെ 18,87,419 രൂപയിൽ തിരിച്ചറിയാനാവാത്ത നീക്കിയിരുപ്പ് തുകയായ 6,03,888 രൂപ ആർ.ഒ.പിയിലും ശീർഷകത്തിൽ അടക്കണം. ഈ അക്കൗണ്ടിലെ 4,88,600 രൂപ കോസ്റ്റൽ പൊലീസ് റിപ്പെയിറിങ് ആൻഡ് മെയിൻ്റനൻസ് ആയി കാണിച്ചിരിക്കുന്നു. ഈ ഇനത്തിൽ ചെലവ് കഴിഞ്ഞ് ബാക്കി വന്ന തുകയാണെങ്കിൽ സർക്കാറിലേക്ക് തിരിച്ചടക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ ഓഫിസുകളിലെ ബാങ്ക്/ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ചിട്ടുള്ള തുക സംബന്ധിച്ച പരിശോധന നടത്തി സർക്കാരിലേക്ക് തിരിച്ചടക്കാവുന്ന തുകകളുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.