പട്ടികജാതി പദ്ധതികളിൽ ക്രമരഹിതമായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തുവെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: പട്ടികജാതി വിഭാഗത്തിന്റെ പദ്ധതികളിൽ ക്രമരഹിതമായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തുവെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. 2017-18, 2018-19 എന്നീ കാലയളവുകളിലെ ഭൂരഹിത പുനരധിവാസം, പഠനമുറി, 2017-18 ലെ ഭവന നിർമാണം എന്നീ പദ്ധതികളിൽ സീനിയോരിറ്റി ലിസ്റ്റുകളിൽ നിന്നും ക്രമരഹിതമായി ഗുണഭോക്താക്കളെ തെരഞ്ഞടുത്തുവെന്ന് തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് പട്ടികജാതി ഓഫിസിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഇത്തരം രീതി ന്യായീകരിക്കാവില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഈ രീതി അവസാനിപ്പിക്കണം. ഈ കാലയളവിൽ ഇതിന് കാരണക്കാരായ പട്ടികജാതി ഓഫീസറായിരുന്ന എൽ.എസ് രാജിത, പി.എസ്. ലേഖ എന്നിവർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
പല പദ്ധതികളിലും ഗുണഭോക്താക്കളുടെ അപേക്ഷയിലെ വിലാസവും പഞ്ചായത്ത് ലഭ്യമാക്കിയിട്ടുള്ള മുൻഗണനാ ലിസ്റ്റിലെ വിലാസവും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. അപേക്ഷയിലെയും മുൻഗണനാ ലിസ്റ്റിലെയും വിലാസത്തിലുള്ള വ്യത്യാസം ധനസഹായത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത് യഥാർഥ ഗുണഭോക്താവ് തന്നെയാണോ എന്ന് സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ വിലാസത്തിനോടൊപ്പം ആധാർ നമ്പരും ഉൾപ്പെടുത്തണം.
പഠനമുറി നിർമാണവുമായി ബന്ധപ്പെട്ട് 2018-19 -ൽ എസ്.സി.ഡി.ഒ രജിസ്റ്ററിൽ 23-ാം നമ്പരായി പേര് ചേർത്തിരിക്കുന്ന വെമ്പായം ഗ്രാമപഞ്ചായത്തിലെ ആർ.സരിത, അഞ്ചാം നമ്പരായി പേര് ചേർത്തിരിക്കുന്ന അരുവിക്കര ഗ്രാമ പഞ്ചായത്തിലെ പുഷ്പാംഗതൻ, 13 -ാം നമ്പർ കാരനായ ആനാട് ഗ്രാമപഞ്ചായത്തിലെ മോളി മിഥുൻ എന്നിവർക്ക് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ധനസഹായം അനുവദിച്ചു.
ഇക്കാര്യത്തിൽ ഭൂരഹിത പുനരധിവാസം പദ്ധതിയിൽ ഗുണഭോക്താക്കൾക്കായി വീടു വെക്കാൻ അനുയോജ്യമായ ഭൂമി തെരഞ്ഞെടുക്കുമ്പോൾ, പ്രധാന പാതയിൽ നിന്നും ഈ ഭൂമിയിലേക്കുള്ള വഴിക്ക് ഇരുചക്ര വാഹനമെങ്കിലും (അഞ്ച് ലിങ്സ് വീതി) കടന്നുപോകാൻ കഴിയുന്ന വീതിയുള്ള വഴിയോടുകൂടിയ ഭൂമി തെരഞ്ഞെടുക്കുവാൻ ഭരണ വകുപ്പ് നിർദ്ദേശം നൽകേണ്ടതാണ്.
നെടുമങ്ങാട് ബ്ലോക്ക് പരിധിയിൽപെടുന്ന പഞ്ചായത്തുകളിൽ നിന്നും വിവിധ പദ്ധതിക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോൾ പഞ്ചായത്തിലെയും ഗുണഭോക്താക്കളുടെ പ്രാതിനിധ്യത്തിൽ തുല്യത പാലിക്കണം. ഇത്തരത്തിൽ തുല്യത പാലിക്കേണ്ട അവസരത്തിൽ ഏതെങ്കിലും പഞ്ചായത്തുകളിൽ നിന്നും മതിയായ ഗുണഭോക്താക്കളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ശേഷിക്കുന്ന ഗുണഭോക്താക്കളെ ബ്ലോക്കിന് കീഴിൽ വരുന്ന മറ്റു പഞ്ചായത്തുകളിൽ നിന്നും തുല്യമായി തെരഞ്ഞെടുക്കണം.
ഭൂരഹിത പുനരധിവാസം, പഠനമുറി തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തുകൾ പാസായി ലഭ്യമാക്കുന്ന ലിസ്റ്റുകൾ സുതാര്യവും വ്യക്തവുമായിരിക്കണം. ഒരു പദ്ധതിക്ക് ലിസ്റ്റ് തയാറാക്കുമ്പോൾ മതിയായ യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി മുൻഗണനാ ക്രമത്തിൽ നമ്പർ രേഖപ്പെടുത്തി സമർപ്പിക്കണം. ഗുണഭോക്താക്കളുടെ മുൻഗണനാ ക്രമം അനുസരിച്ചാണ് തെരഞ്ഞെടുക്കേണ്ടതെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.