നെന്മാറയിൽ വിജ്ഞാനവാടി പദ്ധതിയുടെ പ്രധാന ലക്ഷ്യം അട്ടിമറിച്ചുവെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : നെന്മാറയിൽ വിജ്ഞാനവാടി പദ്ധതിയുടെ പ്രധാന ലക്ഷ്യം അട്ടിമറിച്ചുവെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. പാലക്കാട് നെന്മാറയിലെ പട്ടിജാതി ഓഫിസിലാണ് ധനകാര്യ പരിശോധന സംഘം അന്വേഷണം നടത്തിയത്. എലവഞ്ചേരി പഞ്ചായത്തിലെ വിജ്ഞാനവാടി കെട്ടിടം സാംസ്കരിക നിലയമാക്കി മാറ്റിയതിൽ പട്ടികജാതി ഓഫിസർ പി. മണികണ്ഠന് ഗുരുതര വീഴ്ചപറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണവകുപ്പ് തലത്തിൽ പി. മണികണ്ഠനിൽ നിന്ന് വിശദീകരണം വാങ്ങി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
പട്ടികജാതി വിദ്യാർഥികളുടെയും യുവാക്കളുടെയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സരപരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും സഹായകമാകുന്ന കേന്ദ്രങ്ങളെന്ന നിലയിലാണ് സർക്കാർ വിജ്ഞാനവാടി പദ്ധതി നടപ്പാക്കിയത്. കോളനി വാസികൾക്ക് പ്രത്യേകിച്ച് വിദ്യാഥിർകൾക്കും ഉദ്യോഗാർഥികൾക്കും നൂതന വിവര സാങ്കേതികവിദ്യ പരിശീക്കുന്നതിനുള്ള അവസരം ഒരുക്കുകയും അവരുടെ അറിവ് പോഷിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു വിജ്ഞാൻവാടി പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ഇതെല്ലാം എലവഞ്ചേരിയിൽ അട്ടിമറിക്കപ്പെട്ടുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, വായനശാല എന്നിവ സജ്ജീകരിച്ചു പട്ടിജാതി സങ്കേതങ്ങളോടനുബന്ധിച്ചാണ് വിജ്ഞാനവാടികൾ സ്ഥാപിക്കേണ്ടത്. വിജ്ഞാനവാടി കെട്ടിടം നിർമിക്കാനുള്ള ഫണ്ട് പട്ടികജാതി വകുപ്പിൽ നിന്നാണ് നൽകുന്നത്. നെന്മാറ പട്ടികജാതി വികസന ഓഫീസിന് കീഴിലുള്ള വിജ്ഞാനവാടിയിൽ സ്ക്വാഡ് സന്ദർശനം നടത്തി. എലവഞ്ചേരി പഞ്ചായത്തിലെ 13ാം വാർഡിലെ വിജ്ഞാനവാടിയുടെ നിർമാണം 2011-12 സാമ്പത്തികവർഷത്തിലാണ് ആരംഭിച്ചത്. അത് 2011 നവംമ്പർ 26ന് ഉദ്ഘാടനം നടത്തി. ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
എന്നാൽ, പരിശോധനാവേളയിൽ എലവഞ്ചേരിയിലെ വിജ്ഞാനവാടിയിൽ സാംസ്കാരിക നിലയം, ലൈബ്രറി, ദർശന ആർട്സ് ക്ലബ് എന്നിവ അനധികൃതമായി പ്രവർത്തിക്കുകയാണെന്ന് സംഘം കണ്ടെത്തി. വിജ്ഞാനവാടിയിൽ കമ്പ്യൂട്ടർ ഉണ്ടെങ്കിലും അതിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമായിരുന്നില്ല. അതായത് ഓൺലൈൻ സൗകര്യമൊരുക്കുക എന്ന വിജ്ഞാനവാടിയുടെ പ്രധാനപ്പെട്ട ലക്ഷ്യം ഇവിടെ യാഥാർഥ്യമായിട്ടില്ല. അതിനാൽ പട്ടികജാതി വിദ്യാർഥികൾ അധിക തുക നൽകി ഇക്കാര്യത്തിനായി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.
ഇവയെല്ലാം കേരള ഫിനാൻഷ്യൽ കോഡ് പ്രകാരം മേൽനോട്ടം വഹിക്കുന്നതിൽ പട്ടികജാതി ഓഫീസർ പി. മണികണ്ഠന്റെ ഭാഗത്തുനിന്നും സംഭവിച്ച ഗുരുതരമായ വീഴ്ചയും ഉത്തരവാദിത്തമില്ലായ്മയുമാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതുസംബന്ധിച്ച് പട്ടികജാതി വികസന ഓഫിസർ നൽകിയ വിശദീകരണമാകട്ടെ ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ള വീഴ്ചകളെ പരിപൂർണമായി സാധൂകരിക്കത്തക്കതോ ന്യായീകരിക്കത്തക്കതോ അല്ല.
വിജ്ഞാനവാടി കെട്ടിടത്തിൽ നിലവിൽ അനധികൃതമായി പ്രവർത്തിക്കുന്ന സാംസ്കാരിക നിലയം, ലൈബ്രറി, ദർശന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ പ്രവർത്തനം അവസാനിപ്പിച്ച് ഈ കെട്ടിടം വീണ്ടെടുത്ത് വിജ്ഞാനവാടിയായി തന്നെ പ്രവർത്തിക്കണം. ഇത് കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കുന്നതിനുള്ള സത്വര നടപടികൾ പട്ടികജാതി ഓഫീസർ ബന്ധപ്പെട്ട അധികാരികളും കൈക്കൊള്ളണം. അതുപോലെ വിജ്ഞാനവാടിയുടെ പ്രധാന പ്രവർത്തനോദ്ദേശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കുന്നതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കണം. ഈ വിവരം ധനകാര്യ പരിശോധന സ്ക്വാഡിനെ അറിയക്കണെന്നാണ് റിപ്പോർട്ടിലെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.