വയനാട്ടിൽ പട്ടികജാതിക്കാർക്ക് വാസയോഗ്യമല്ലാത്ത ഭൂമി നൽകി ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: വയനാട്ടിൽ പട്ടികജാതിക്കാർക്ക് വാസയോഗ്യമല്ലാത്ത ഭൂമി നൽകി ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയെന്ന് ധനകാര്യ റിപ്പോർട്ട്. കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസിനു കീഴിൽ 2014-2015, 2015-2016 വർഷങ്ങളിൽ ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ നടത്തിപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാസയോഗ്യമല്ലാത്ത ഭൂമി ഉയർന്ന വിലക്ക് വാങ്ങി വിതരണം ചെയ്തുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യത്തിൽ അതീവ ഗുരുതര അഴിമതി നടന്നുവെന്നാണ് വിലയിരുത്തൽ. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ശിപാർശ.
കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വകുപ്പ് ഓഫീസ് പരിധിയിൽ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് ഭവനനിർമാണത്തിന് ഭൂമി വാങ്ങി നൽകുന്ന പദ്ധതി പ്രകാരം 2014-15 സാമ്പത്തിക വർഷം 36 ഗുണഭോക്താക്കൾക്കും 2015-16 സാമ്പത്തിക വർഷം 46 ഗുണഭോക്താക്കൾക്കും ഭൂമി വാങ്ങി നൽകിയിരുന്നു. പരിശോധനയിൽ പല ഗുണഭോക്താക്കൾക്കും ലഭിച്ച ഭൂമി പട്ടികജാതി വകുപ്പ് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായി വാസയോഗ്യമല്ലാത്തതാണ്. തണ്ണീർത്തട നിയമപ്രകാരം നെൽവയലോ വാസഗൃഹങ്ങൾ നിർമിക്കുന്നതിനോ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ അനുവദനീയമല്ലാത്തതുമാണ്.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഉണ്ടായിരുന്ന മാർക്കറ്റ് വിലയിലും ഉയർന്ന വിലയിൽ ഭൂമി വാങ്ങി നൽകിയിട്ടുള്ളതായും പരിശോധനയിൽ വ്യക്തമായി. വസ്തു ഉടമയുമായി സംസാരിക്കുന്നതും, വില പേശുന്നതും, വില നിശ്ചയിക്കുന്നതും പട്ടികജാതി വകുപ്പ് ഓഫീസർ ആയിരുന്നു.
നെടുങ്കോട് ഭൂമി ലഭിച്ച ഗുണഭോക്താക്കളിൽ ജിത, കണ്ടുപറമ്പിൽ, എന്നയാൾക്ക് ലഭിച്ചത് മുണ്ടേരി, അമ്പിലേരി തോടിന് സമീപമുള്ള ചതുപ്പ് ഭൂമിയാണ്. 2018 -ൽ പ്രളയകാലത്ത് ഈ ഭൂമി വെള്ളത്തിനടിയിൽ ആയിരുന്നു. എന്നാൽ 2015 -ൽ ഈ ഭൂമിക്ക് സെൻറിന് 90,000 നിരക്കിൽ ആണ് പട്ടികജാതി ഓഫീസർ വാങ്ങി നൽകിയത്.
ഏഴ് സെൻറ് ഭൂമിയാണ് വാങ്ങിയത്. എന്നാൽ നടത്തിയ പരിശോധനയിൽ 2022 -ൽ സമീപത്തെ ഉയർന്ന പ്രദേശത്തെ ഭൂമിക്ക് സെൻറിന് 50,000 രൂപ നിരക്കിൽ ലഭ്യമാണ്. എന്നാൽ ഗുണഭോക്താവിന് വാങ്ങി നൽകിയ രജിസ്റ്റർ ചെയ്ത ആധാര പ്രകാരം ഉയർന്ന വില രേഖപ്പെടുത്തിയതിനാലും ഗുണഭോക്താവും പട്ടികജാതി വികസന ഓഫീസറും ഒത്ത് കളിക്കുന്നതിനാലും ഭൂമിയുടെ വില വസ്തു ഉടമയുടെ അക്കൗണ്ടിലേക്ക് നിയമാനുസൃയ ട്രാൻസ്ഫർ നടത്തി. അതിനാൽ ഭൂമിയുടെ യഥാർഥ വില കണ്ടെത്തുക എന്നത് അസാധ്യമാണ്.
വാങ്ങി നൽകിയ ഭൂമി പലയിടത്തും നിലമായിരുന്നവെങ്കിലും കൃഷി ഓഫീസർമാർ ഭൂമി പരിശോധിച്ച് 2008 -ന് മുൻപ് തരം മാറ്റം നടത്തിയതായി അറിയിച്ചു. അതിനാൽ ഈ വിഷയത്തിൽ തുടർ പരിശോധന ഉണ്ടായില്ല. ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിലെ നാല് ഗുണഭോക്താക്കൾക്ക് വാസയോഗ്യമല്ല എന്ന് ബോധ്യപ്പെട്ടിട്ടും ഉയർന്ന വില നൽകി ഭൂമി വാങ്ങുക വഴി സർക്കാരിന് 15,00,000 രൂപയുടെ നഷ്ടം വരുത്തിയ കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി ഓഫീസർ എം.എൻ. ബാബുരാജിനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണം. സർക്കാരിന് നഷ്ടമായ തുക 15,00,000 രൂപ ടിയാൻ ബാധ്യതയായി നിശ്ചയിച്ച് തിരികെ ഈടാക്കുകയും ചെയ്യണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി വാങ്ങി നൽകുമ്പോൾ വാസയോഗ്യമായ ഒരേക്കറിൽ കുറയാത്ത ഭൂമി കണ്ടെത്തുകയും ഗുണഭോക്താക്കൾക്ക് അതിൽ നിന്നും പ്ലോട്ട് തിരിച്ച് നറുക്കെടുപ്പിലൂടെ അനുവദിക്കുകയും ചെയ്യുന്ന കാര്യം പരിഗണിക്കണം. പട്ടികജാതി ഓഫീസർ കണ്ടെത്തുന്ന ഭൂമി റവന്യൂ വകുപ്പ്, വനം വകുപ്പ്, കൃഷി വകുപ്പ് എന്നീ വകുപ്പുകളുടെ അഭിപ്രായത്തിന് വിധേയമായി വാസയോഗ്യമായതും ഭവന നിർമാണത്തിന് തടസങ്ങൾ ഇല്ലാത്ത ഭൂമി ആണെന്ന് ഉറപ്പു വരുത്തുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ പട്ടികജാതി വകുപ്പ് പുറപ്പെടുവിക്കണമെന്നും ശിപോർശ ചെയ്തു.
പട്ടികജാതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ വകുപ്പ് നിഷ്കർഷിക്കുന്ന നിബന്ധനകൾക്കും നിർദേശങ്ങൾക്കും വിധേയമായി കുറ്റമറ്റ രീതിയിൽ നടപ്പിൽ വരുത്തുന്നതിന് സംസ്ഥാനതല പരിശോധന സംവിധാനം രൂപീകരിക്കണം. പദ്ധതി മാസത്തിലൊരിക്കൽ പരിശോധനകൾ നടത്തി സർക്കാരപ്് നിർദേശിക്കുന്ന തരത്തിൽ കാര്യക്ഷമമായി നടപ്പാക്കണെന്നാണ് ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.