ജയിൽ ആസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് വാടക ഈടാക്കണമെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം : ജയിൽ ആസ്ഥാന കാര്യാലയത്തിലെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ സർക്കാർ ക്വാർട്ടേഴ്സ് ഉപയോഗിച്ചതിന്റെ വാടക ഈടാക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലകളായ ജയിലുകളിൽ മുഴുവൻ സമയ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടിയാണു ജയിൽ ഉദ്യോഗസ്ഥർ ജയിൽ പരിസരത്തു തന്നെയുള്ള ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നതിനായി നിഷ്കർഷിച്ചത്.
സർക്കാർ ഉത്തരവുകൾ പ്രകാരം നിശ്ചിത ശമ്പള സ്കെയിലിന് മുകളിൽ ശമ്പള സ്കെയിലുള്ളവർ ഔദ്യോഗിക ക്വാർട്ടേഴ്സ് ഉപയോഗിക്കുമ്പോൾ അടിസ്ഥാന ശമ്പളത്തിന്റെ രണ്ട് ശതമാനം തുക പ്രതിമാസം ഈടാക്കേണ്ടതാണ്. ഓഫീസുകളിലെ ഡി.ഡി.ഒ മാർക്കാണ് തുക ശമ്പളത്തിൽ നിന്നും കുറവ് ചെയ്യുന്നതിനുള്ള ചുമതല. എന്നാൽ ജയിൽ ആസ്ഥാനത്ത് ഇക്കാര്യത്തിൽ കടുത്ത വീഴ്ച ഡി.ഡി.ഒ യുടെ ഭാഗത്തുനിന്നുമുണ്ടായി.
അടിസ്ഥാന ശമ്പളത്തിന്റെ രണ്ട് ശതമാനം തുക ഈടാക്കേണ്ട വിഭാഗത്തിൽപ്പെടുന്ന ക്വാർട്ടേഴ്സ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാളിൽനിന്നുപോലും തുക യഥാസമയം ഈടാക്കുവാനുള്ള നടപടി ഡി.ഡി.ഒ സ്വീകരിച്ചില്ല. ഇക്കാര്യം അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടിയതിന് ശേഷവും എല്ലാവരിൽ നിന്നും വാടക തുക ഈടാക്കുന്ന കാര്യത്തിൽ ഡി.ഡി.ഒ കാര്യക്ഷമമായി പ്രവർത്തിച്ചില്ല.
എസ്. സന്തോഷ് ജയിൽ ആസ്ഥാന കാര്യലയത്തിലെ ഡി.ഐ.ജി ആയിരുന്ന കാലയളവിൽ ഗവ. ക്വാർട്ടേഴ്സ് ഉപയോഗിച്ച കാലയളവിൽ അടിസ്ഥാന ശമ്പളത്തിന്റെ രണ്ട് ശതമാനം തുകയായ 1,70,530 രൂപ അടിയന്തിരമായി ട്രഷറിയിൽ അടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
പ്രോഗ്രാം ഓഫീസർ ഇ. സുമേഷ് ബാബു (റിട്ട.) ഗവ. ക്വാർട്ടേഴ്സ് ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളത്തിന്റെ രണ്ട് ശതമാനം വരുന്ന വാടക കണക്കാക്കി തുക തിരികെ ഈടാക്കി അടിയന്തിരമായി അടക്കണം. അതിന്റെ വിശദാംശങ്ങൾ ധനകാര്യ പരിശോധന വിഭാഗത്തെ അറിയിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
അക്കൗണ്ടന്റ് ജനറൽ പരിശോധനയിൽ കണ്ടെത്തി നിർദേശം നൽകിയിട്ടും ഡി.ഐ.ജി എസ്. സന്തോഷ്, പ്രോഗ്രാം ഓഫീസർ സുരേഷ് ബാബു എന്നിവരിൽനിന്നും വാടക കുടിശ്ശിക ഇാക്കാതിരുന്നത് ഡി.ഡി.ഒ മാരുടെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. അതിനാൽ ഇത് സംബന്ധിച്ച കാലയളവിൽ ഡി.ഡി.ഒ ആയി ജോലി നോക്കിയിരുന്നവരുടെ വിശദീകരണം വാങ്ങി അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പിനെ ചുമതലപ്പെടുത്തണമെന്നാണ് ശിപാർശ
ജയിൽ വകുപ്പിന് കീഴിലെ വിവിധ കാര്യാലയങ്ങളിൽ (സെൻട്രൽ ജയിലുകൾ, ജില്ലാ ജയിലുകൾ, തുറന്ന ജയിൽ, വനിതാ ജയിൽ, സബ് ജയിലുകൾ തുടങ്ങിയവ) സർക്കാർ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ജീവനക്കാരിൽ അതാതു കാലത്തെ ശമ്പള പരിഷ്ക്കരണ ഉത്തരവിൽ വാടക റിക്കവറിക്ക് നിർദേശിക്കുന്ന ഉയർന്ന ശമ്പള സ്കെയിലിൽ ഉള്ള എല്ലാവരിൽ നിന്നും അടിസ്ഥാന ശമ്പളത്തിന്റെ രണ്ട് ശതമാനം തുക പ്രതിമാസം കുറവ് ചെയ്യാനും ഇക്കാര്യത്തിൽ കുടിശ്ശിക വരുതിയിട്ടുണ്ടെങ്കിൽ അത് ഈടാക്കാനുമുള്ള നിർദേശം ഭരണവകുപ്പിൽനിന്ന് ജയിൽ മേധാവിക്ക് നൽകണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.