36.76 ലക്ഷം ചെലവഴിച്ച കാസർകോട് ജില്ലാ ആശുപത്രിയിലെ സൗരോർജ നിലയം നിശ്ചലമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : കാസർകോട് ജില്ലാ ആശുപത്രിയിൽ 36.76 ലക്ഷം ചെലവഴിച്ച് നിർമിച്ച സൗരോർജ നിലയം നിശ്ചലമെന്ന് അന്വേഷണ ധനകാര്യ റിപ്പോർട്ട്. ആശുപത്രിയിലെ വനിത വാർഡിൽ കെൽട്രോൺ വഴിയാണ് സൗരോർജ നിലയം സ്ഥാപിച്ചത്. സൗരോർജ നിലയത്തിന്റെ നിർമാണം 2016 മെയ് 28ന് പൂർത്തീകരിച്ചുവെങ്കിലും നാലുമാസത്തിനുള്ളിൽ തകരാറിലായി.
പിന്നീട് തകരാർ പരിഹരിച്ച നിലയം 2022 വരെ ഭാഗികമായി പ്രവർത്തിച്ചു. 2022 മുതൽ നാളിതുവരെ സൗരോർജ നിലയം പ്രവർത്തനക്ഷമമാക്കാൻ സാധിച്ചിട്ടില്ല. ഇത് കെൽട്രോണിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്‌ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വാറന്റി കാലയളവിനുള്ളിൽ പ്രവർത്തനരഹിതമായ സൗരോർജ നിലയം വീണ്ടും ശരിയാക്കി പ്രവർത്തിപ്പിക്കണം.
അതിന് ആശുപത്രിക്ക് ആവശ്യമുള്ള വൈദ്യുതിയുടെ അളവ് മനസിലാക്കിയതിനുശേഷം ആവശ്യമായ അറ്റകുറ്റപ്പണി സ്വന്തം നിലക്ക് കെൽട്രോൺ നടത്തേണ്ടതാണ്. കരാർ പ്രകാരം വാറൻറി കാലയളവിനുള്ളിൽ പ്രവർത്തനരഹിതമായ സൗരോർജ നിലയത്തിൻറെ അറ്റകുറ്റപ്പണികൾ നടത്താൻ കെൽട്രോൺ ബാധ്യതയുണ്ട്. അതിനാൽ അടിയന്തിരമായി സൗരോർജ നിലയം പ്രവർത്തനക്ഷമമാക്കുന്നതിനു കെൽട്രോണിന് ഭരണ വകുപ്പ് നിർദേശം നൽകമണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ജില്ലാ പഞ്ചായത്തും ജനറൽ ആശുപത്രി സൂപ്രണ്ടും അടിയന്തിരമായി സൗരോർജ നിലയം പ്രവർത്തനക്ഷമമാക്കുന്നതിനു കെൽട്രോണിന് നിർദേശം നൽകണം. അത് ചെയ്തില്ലെങ്കിൽ കെൽട്രോണിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ശിപാർശ ചെയ്തു.
മറ്റു സർക്കാർ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിയിലുൾപ്പെടുത്തി കാസർകോട് പോലെ കെൽട്രോൺ വഴി സൗരോർജ നിലയം സ്ഥാപിച്ച് പ്രവർത്തന രഹിതമായ കേസുകൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ കെൽട്രോൺ വഴി നടപ്പിലാക്കിയ സൗരോർജ നിലയം പദ്ധതികളെക്കുറിച്ച് ഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് തേടണം.
ആശുപത്രിയിൽ സൗരോർജ നിലയം സ്‌ഥാപിക്കുന്നതിനായി തുക അനുവദിച്ചത് ജില്ലാ പഞ്ചായത്ത് ആണ്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്ന് ഏഴിന് ശേഷം രൂപയും ചേർത്ത് ആകെ 37 ലക്ഷം രൂപയാണ് അനുവദിച്ചത്. എങ്കിലും, തുക അനുവദിച്ച ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളോ, വിനിയോഗ സാക്ഷ്യപത്രമോ, കരാർ പകർപ്പോ ഒന്നും തന്നെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽനിന്ന് ലഭിച്ചില്ല. ഈ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് ബന്ധപ്പെട്ട ഫയലുകളുള്ളതെന്നാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്.
തുക അനുവദിച്ചതോടു കൂടി ഉത്തരവാദിത്തം അവസാനിച്ചെന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് ശരിയല്ലെന്ന് ധനകാര്യ വിഭാഗം റിപ്പോർട്ട് ചെയ്തു. ഭാവിയിൽ തദ്ദേശ സ്ഥാപനങ്ങൾ കീഴ് സ്ഥാപനങ്ങൾക്ക് തുക അനുവദിക്കുമ്പോൾ ഈ പ്രവർത്തി പൂർത്തീകരിച്ചുവെന്നും പ്രവർത്തന ക്ഷമമാണെന്നും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം. പദ്ധതി രേഖകളുടെ പകർപ്പ് സൂക്ഷിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.