കോഴിക്കോട് നഗരസഭയിൽ വെള്ളവും വെളിച്ചവും ഫിറ്റ്നെസും ഇല്ലാത്ത അങ്കണവാടി കെട്ടിടങ്ങളുണ്ടെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: വെള്ളവും വെളിച്ചവും ഫിറ്റ്നെസും ഇല്ലാത്ത അങ്കണവാടി കെട്ടിടങ്ങൾ കോഴിക്കോട് നഗരസഭയിലുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ 45 അംഗനവാടികളിൽ വെള്ള ലഭ്യതയില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അങ്കണവാടികൾക്ക് അടിസ്‌ഥാന സൗകര്യം ഒരുക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. നഗരസഭയിലെ 75 വാർഡുകളിൽ 546 അങ്കണവാടികളാലായി ഏതാണ്ട് 6322 കുട്ടികളുമുണ്ട്. ഈ അങ്കണവാടികളിൽ സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ളത് ആകെ 284 എണ്ണത്തിനാണ്.
നഗരസഭയുടെ സ്വന്തം കെട്ടിടത്തിൽ 284 അങ്കണവാടികൾ പ്രവർത്തിക്കുന്നതിൽ 45 എണ്ണം വെള്ളത്തിന്റെ ലഭ്യത ഇല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. രണ്ടെണ്ണം വൈദ്യുതി ഇല്ലാതയും രണ്ടെണ്ണം ഫിറ്റിനെസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടത്തിലും പ്രവർത്തിക്കുന്നു. ആകെ വാടക കെട്ടിടങ്ങളുടെ എണ്ണം 202 ആണ്. ഇതിൽ കുട്ടികളെ താമസിപ്പിക്കാൻ അനുയോജ്യമായ ഫിറ്റ്നെസ്സ് ഇല്ലാതെ രണ്ട് കെട്ടിടങ്ങൾ പ്രവർത്തിക്കുന്നു. മാത്രമല്ല 58 അംഗനവാടികൾ ചുറ്റുമതിൽ ഇല്ലാതെയാണ് പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായ കെട്ടിടമോ വാടക കെട്ടിടമോ അല്ലാത്ത ഇതര കെട്ടിടങ്ങൾ 47 എണ്ണം ആണ്. ഇതിൽ 14 എണ്ണം ഫിറ്റ്‌നെസ് ഇല്ലാതെ പ്രവർത്തിക്കുകയാണ്.
2023 മാർച്ച് 22 ലെ ബാലൻസ് പ്രകാരം 3.1 കോടി രൂപയോളം എസ്.എൻ.പി വിഹിതം സർക്കാർ നിർദേശം പാലിക്കപ്പെടാതെ നിഷ്ക്രിയമായി കിടക്കുന്നു. എന്നാൽ ഈ തുക അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താൻ നഗരസഭ ഉപയോഗപ്പെടുത്തിയിട്ടില്ല. അതിനാൽ സ്വന്തമായി കെട്ടിടമോ ഭൂമിയോ ഇല്ലാതെ 259 കെട്ടിടങ്ങൾക്ക് ഭൂമി കണ്ടെത്താനോ കെട്ടിടം നിർമിക്കാനോ സാധിച്ചിട്ടില്ല. പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ കുടിവെള്ളം വൈദ്യതി എന്നിവ ഉറപ്പ് വരുത്തിയിട്ടുമില്ല. ഈ അക്കൗണ്ടിൽ നിന്നു 2022 ഒക്ടോബർ 12 നും 2022 നവംമ്പർ ഒന്നിനും ഇടയിലായി 98.59 ലക്ഷം നിയമ വിരുദ്ധമായി പിൻവലിക്കുകയും ചെയ്തു. പിൻവലിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ പരിശോധനക്ക് നൽകിയില്ലെന്നും റിപ്പോട്ടിൽ ചൂണ്ടിക്കാട്ടി.
മുനിസിപ്പാലിറ്റിയിലെ പ്രാഥമിക വിദ്യഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളാണ് ഐ.സി.ഡി.എസിന് കീഴിലുള്ള അംഗനവാടികൾ. ഇത്തരം അംഗനവാടികളുടെ നിർമാണത്തിൽ അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി, സുരക്ഷിതമായ കെട്ടിടം എന്നിവ ഉറപ്പ് വരുത്തണമെന്ന് 2010 സെപ്തംബർ മൂന്നിന് സ ർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് വികേന്ദ്രീകരണാസൂത്രണ പ്രകാരം അങ്കണവാടികൾ വഴിയുള്ള എസ്.എൻ.പി പദ്ധതി തദേശ ഭരണ പ്രദേശങ്ങൾ മുഖേനയാണ് നടപ്പിലാക്കുന്നത്. 2005-06 മുതൽ ഈ പദ്ധതിക്കായി 50 ശതമാനം കേന്ദ്ര സഹായം നൽകുന്നുണ്ട്.
നിലവിൽ ഇത്തരം ഫണ്ടുകളിൽ മിച്ചം വരുന്ന തുക ഉപയോഗിച്ച് സ്ഥലമില്ലാത്ത അങ്കണവാടിക്ക് സ്ഥലം വാങ്ങി കെട്ടിട നിർമാണത്തിനും കെട്ടിടമില്ലാത്ത അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കാനും കൂടിവെള്ളം, വൈദ്യതി മുതലായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും കളിക്കോപ്പുകൾ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ, സംഭരണികൾ മുതലായവ വാങ്ങുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്നായിരുന്നു നിർദേശം. ഈ നിർദേശങ്ങൾ കോഴിക്കോട് നഗരസഭ പാലിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.