വിഴിഞ്ഞത്ത് മത്സ്യലഭ്യതയിൽ കുറവുവന്നിട്ടില്ലെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ കടലിലെ മത്സ്യലഭ്യതയിൽ സമീപകാലത്ത് കാര്യമായ കുറവുവന്നിട്ടില്ലെന്ന് പഠന റിപ്പോർട്ട്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) വിഴിഞ്ഞം റീജനൽ സെന്ററാണ് പഠനം നടത്തിയത്. വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതി ആരംഭിച്ച ശേഷം മത്സ്യലഭ്യതയിൽ കുറവ് വരികയും തീരശോഷണം വർധിക്കുകയും ചെയ്തെന്ന് തീരവാസികൾ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് സി.എം.എഫ്.ആർ.ഐ റിപ്പോർട്ട്.
വിഴിഞ്ഞം തുറമുഖ മേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിലായിരുന്നു പഠനം. ഫീൾഡ് സർവേ, പരീക്ഷണാർഥമുള്ള മത്സ്യബന്ധനം, സാമ്പിൾ ശേഖരണം തുടങ്ങിയവ നടത്തിയിരുന്നു. ജൂൺ 2021 മുതൽ മേയ് 2022 വരെ 23934 ടണ്ണാണ് മത്സ്യലഭ്യത. 2011-12 കാലയളവിൽ ഇത് 23156 ടൺ ആയിരുന്നു. 2021-2022 ൽ 3.35 ശതമാനം വർധനയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, തുറമുഖം ജൈവവൈവിധ്യത്തിന് വൻ ഭീഷണി ഉയർത്തുന്നതായാണ് ജനകീയ പഠന സമിതി തയാറാക്കിയ റിപ്പോർട്ടിലുള്ളത്. നവംബറിലാണ് സമിതി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തീരങ്ങൾ, തീരക്കടൽ, ജൈവവൈവിധ്യം, ഉപജീവന മാർഗങ്ങൾ എന്നിവയിൽ ജില്ലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനുമേൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സൃഷ്ടിച്ച ആഘാതം എന്നീ വിഷയത്തിൽ കേന്ദ്രീകരിച്ചായിരുന്നു ജനകീയ സമിതിയുടെ പഠനം. സമുദ്രജീവികളുടെ ആവാസവ്യവസ്ഥ തകർക്കപ്പെട്ടത് മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ബാധിച്ചെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.