സീമാറ്റിലെ നിയമനം: സർക്കാർ ഉത്തരവിന്റെ നഗ്നമായ ലംഘനം നടന്നുവെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: സീമാറ്റിലെ ( സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്മന്റെ് ആൻഡ് ട്രെനിങ് ) അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ നിയമനത്തിൽ സർക്കാർ ഉത്തരവിന്റെ നഗ്നമായ ലംഘനം നടന്നുവെന്ന് ധനകാര്യ റിപ്പോർട്ട്. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങളിലും കരാർ, ദിവസ വേതനം എന്നിവ സംബന്ധിച്ച് 2019 ജൂലൈ ഒമ്പതിന് വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് സീമാറ്റിലെ അഡ്മിനിസ്ടേറ്റിവ് ഓഫീസർ എ. സുരേഷ് ബാബുവിന്റെ നിയമത്തിൽ നടന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങളെപ്പറ്റി പഠനങ്ങളും ഗവേഷണ പ്രവർത്തനങ്ങളും നടത്തുന്ന സ്ഥാപനമാണിത്. മെച്ചപ്പെട്ട പാഠ്യ പദ്ധതി, മാനോജ്മന്റെ് വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ പ്രത്യേക പരിശീലനം നടത്തുന്ന സർക്കാരിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണിത്. ഇവിടെ അഡിമിനിസ്ട്രേറ്റീവ് ഓഫിസറെ നിയമിച്ച ശേഷം സർക്കാർ അനുമതിയില്ലാതെ 2021 ഫെബ്രുവരി 24ന് വേതനം പുതുക്കി.
2021 മാർച്ച് 22ലെ പുതുക്കിയ കരാർ വേതനത്തിൻ്റെ കുടിശ്ശികയായി 2,35,638 രൂപ അനുവദിച്ചത് ഗുരുതര ക്രമക്കേടാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ സുരേഷ് ബാബുവിന് സർക്കാർ അനുമതിയില്ലാതെ നൽകിയ മുഴുവൻ ആനുകൂല്യങ്ങളും അദ്ദേഹം തിരിച്ചടക്കണം. അദ്ദേഹം തിരിച്ചടക്കാൻ വിസമ്മതിച്ചാൽ സീമാറ്റിന്റെ അന്നത്തെ ഡയറക്ടർ എ. ലാലിൻ്റെ ബാധ്യതയായി കണക്കാക്കി റവന്യൂ റിക്കവറി നടപടികൾ ഉൾപ്പെടെ സ്വീകരിച്ചു തുക സർക്കാരിലേക്ക് തിരികെ ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി എ. സുരേഷ് ബാബുവിനെ നിയമിക്കുകയും സർക്കാർ അനുമതിയില്ലാതെ സ്വന്തം നിലക്ക് വെതനം നിർണയിച്ചു നൽകുകയും ചെയ്ത സീമാറ്റ് ഡയറക്ടറായിരുന്ന എ. ലാലിനെതിരെ ഉചിതമായ നടപടി ഭരണ വകുപ്പ് സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
സീമാറ്റിലെ എല്ലാ ജീവനക്കാരുടേയും യോഗ്യത, വേതനം സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കണം. ജീവനക്കാരെ ദിവസ വേതന/കരാർ ആയി നിയമിക്കുമ്പോൾ എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ച് വഴി നിയമിക്കണം എന്നതുൾപ്പടെ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കണം. സീമാറ്റിലെ സ്റ്റാഫ് പാറ്റേൺ, പ്രത്യേക ചട്ടങ്ങൾ എന്നിവക്ക് വേണ്ടി സമർപ്പിച്ച പ്രൊപ്പോസലിന്മേൽ ഭരണവകുപ്പ് തീരുമാനം എടുക്കണമെന്നും ശിപാർശ നൽകി.
എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ സാധൂകരണത്തിന് വിധേയമായി കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്ന രീതിയാണ് നിലവിൽ സീമാറ്റിലുള്ളത്. ഈ തസ്തികയിലേക്ക് പത്രങ്ങളിലെ മറ്റ് ഇതര മാധ്യമങ്ങളിൽ കൂടിയോ ഒരു വിജ്ഞാപനം സീമാറ്റ് ഈ നിയമനത്തിൽ ഇറക്കിയിട്ടില്ലെന്ന് പരിശോധയിൽ കണ്ടെത്തി. എ.സുരേഷ് ബാബു അപേക്ഷയിൽ നേരിട്ട് സമർപ്പിച്ച അദ്ദേഹത്തെ നിയമിക്കുകയാണ് ഉണ്ടായത്. എക്സിക്യൂട്ടീവ് കമ്മിറ്റിയെകൊണ്ട് ഈ തീരുമാനം (ഡയറക്ടറുടെ) പിന്നീട് അംഗീകരിപ്പിക്കുകയാണ് ചെയ്യത്. ഡയറക്ടർ പരിശോധനാ വിഭാഗത്തിന് നൽകിയ മറുപടിയിൽ ഇത് സംബന്‌ധിച്ച് സീമാറ്റിന്റെ ചെയർമാൻ കൂടിയായ പൊതു വിദ്യാഭ്യാസ മന്ത്രിയുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നാണ് അറിയിച്ചത്.
അപ്പോഴും എ.സുരേഷ് ബാബുവിൻ്റെ നിയമനത്തിൽ 2019ലെ സർക്കാർ ഉത്തരവിന്റെ ലംഘനമാണ്. ഇത് പ്രകാരം കരാർ അടിസ്ഥാനത്തിലുള്ള നിയമനം സർക്കാരിന്റെ മുൻകൂർ അനുമതിയോടുകൂടി മാത്രമേ പാടുള്ളൂ. ഇപ്രകാരമുള്ള നിയമനം ഒരു വർഷത്തേക്ക് മാത്രം പരിമിതപ്പെടുത്തേണ്ടതും വകുപ്പ് മേധാവിക്ക് ബോധ്യമാകുന്നപക്ഷം വർഷത്തേക്ക് കൂടി സേവനം ദീർഘിപ്പിച്ചു നൽകാവുന്നതാണ്. ഇവിടെ സർക്കാർ അംഗീകാരം ഇല്ലാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനം സീമാറ്റ് 2022 ജനുവരി ആറ് മുതൽ ഒരു വർഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് കമ്മറ്റി മുഖാന്തിരം സർക്കാർ ഉത്തരവിന് വിരുദ്ധമായി ദീർഘിപ്പിച്ചുവെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.