‘ചോദിക്കുന്നത് കേരളത്തിന്റെ അവകാശമാണ്, ഔദാര്യമല്ല’; കേന്ദ്രനിലപാടിനെ വിമർശിച്ച് മന്ത്രി കെ. രാജൻ
text_fieldsതിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കേന്ദ്രത്തോട് ചോദിക്കുന്നത് കേരളത്തിന്റെ അവകാശമാണെന്നും ഔദാര്യമല്ലെന്നും മന്ത്രി തുറന്നടിച്ചു. കേരളത്തിന്റെ ആവശ്യങ്ങളൊന്നും കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല. ദുരന്തം ഏത് വിഭാഗത്തിൽ പെടുത്തുന്നു എന്നു പോലും കേന്ദ്രം പറയുന്നില്ല. അധിക സഹായം ലഭിക്കാത്തത് ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ്. എസ്.ഡി.ആർ.എഫ് ഫണ്ടിലേക്ക് കേരളത്തിന് അനുവദിക്കേണ്ട കേന്ദ്രവിഹിതം പോലും തരാൻ തയാറായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
“കെ.വി. തോമസിന് അയച്ച കത്ത് മൂന്നര കോടി മലയാളികളോടുള്ള പച്ചയായ വെല്ലുവിളിയാണ്. അത് അംഗീകരിക്കാനാകില്ല. കേന്ദ്രത്തിനെതിരെയുള്ള കേസ് ഇന്നും കോടതിയിൽ നടക്കുകയാണ്. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണമെന്ന കേരള സർക്കാറിന്റെ ആവശ്യത്തോട് കേന്ദ്രം എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചിരുന്നു. ഹിമാചൽ, സിക്കിം, കർണാടക പോലുള്ള സംസ്ഥാനങ്ങൾക്ക് നൽകിയതു പോലെ എന്ത് അധിക സഹായമാണ് കേരളത്തിന് നൽകിയതെന്ന് അടുത്ത ദിവസം കോടതി ചോദിച്ചു.
ഓരോ ദിവസവും അറിയിക്കാം എന്ന മറുപടി മാത്രമാണ് കേന്ദ്രത്തിന്റേത്. കേസ് സർക്കാർ ഫയൽ ചെയ്തതല്ല, കോടതി സ്വമേധയാ എടുത്തതാണ്. കേരളത്തിന്റെ ആവശ്യങ്ങളൊന്നും കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല. ദുരന്തം ഏത് വിഭാഗത്തിൽ പെടുത്തുന്നു എന്നു പോലും കേന്ദ്രം പറയുന്നില്ല. അധിക സഹായം ലഭിക്കാത്തത് ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ്. എസ്.ഡി.ആർ.എഫ് ഫണ്ടിലേക്ക് കേരളത്തിന് അനുവദിക്കേണ്ട കേന്ദ്രവിഹിതം പോലും തരാൻ തയാറായിട്ടില്ല.
ഇതിനിടെ ത്രിപുരക്ക് സഹായം നൽകിയിട്ടും കേരളത്തെ പരിഗണിക്കാൻ തയാറായിട്ടില്ല. കേരളത്തിന്റെ അവകാശമാണ് ചോദിക്കുന്നത്, ഔദാര്യമല്ല. അവകാശം ചോദിക്കുക തന്നെ ചെയ്യും. ഇന്ന് കോടതിയിൽ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് അറിഞ്ഞ ശേഷമാകും തുടർനടപടി സ്വീകരിക്കുക. രാഷ്ട്രീയത്തിനതീതമായി ദുരിതബാധിതരെ ചേർത്തുപിടിച്ച് കേരളം മുന്നോട്ടുപോകും” -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.