സി.പി.ഐയിൽ ഇനി ബിനോയ് വിശ്വം കാലം
text_fieldsകോട്ടയം: കാനത്തിന്റെ പിൻഗാമി സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നൽകാൻ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുടെ അധ്യക്ഷതയില് കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ഇപ്പോൾ താൽക്കാലിക ചുമതലയാണ് കൈമാറിയതെങ്കിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വംതന്നെ എത്തിയേക്കുമെന്നാണ് സൂചന. കാനത്തിന്റെ ആഗ്രഹംകൂടി പരിഗണിച്ചാണ് സംസ്ഥാന ഘടകത്തിന്റെ ചുമതല ബിനോയിക്ക് നൽകിയതെന്നതിനാൽ സെക്രട്ടറിസ്ഥാനത്തേക്ക് മറ്റൊരു പേര് ഉയർന്നുവരാനിടയില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കാനത്തിനൊപ്പം നിലയുറപ്പിച്ച സംസ്ഥാനഘടകത്തിലും ഈ പേരിനാണ് മുൻതൂക്കമെന്നാണ് വിവരം. കാനം രാജേന്ദ്രൻ ചികിത്സക്ക് അവധി ആവശ്യപ്പെട്ട് നൽകിയ കത്തിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിന് താൽക്കാലിക ചുമതല കൈമാറാൻ നിർദേശിച്ചിരുന്നു. ഈ മാസം 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹകസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യാനിരിക്കെയായിരുന്നു കാനത്തിന്റെ വിടവാങ്ങൽ.
നിലവിൽ എം.പിയായ ബിനോയ് വിശ്വത്തിന്റെ കാലാവധി ആറുമാസത്തിനകം പൂർത്തിയാകും. അതിനാൽ സെക്രട്ടറിപദവി ഏറ്റെടുക്കാൻ ബിനോയ് വിശ്വത്തിന് തടസ്സമില്ലെന്ന് ദേശീയനേതൃത്വവും കണക്കുകൂട്ടുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തർക്കങ്ങൾ ഒഴിവാക്കി ഒറ്റപ്പേരിലേക്ക് എത്തണമെന്ന അഭിപ്രായമാണ് ഇവർക്കുള്ളത്. മറ്റാരെങ്കിലും സെക്രട്ടറി പദവിയിലേക്കെത്തിയാൽ വിഭാഗീയത വീണ്ടും ശക്തമാകുമോയെന്ന ആശങ്കയും ദേശീയ നേതാക്കൾക്കുണ്ട്. പത്തനംതിട്ടയിലടക്കം പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാൻ കേരളത്തിൽനിന്ന് പാർട്ടിയുടെ ദേശീയ നേതൃത്വത്തിലെ രണ്ടാമനായിരുന്ന ബിനോയിക്ക് കഴിയുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
കാനം രാജേന്ദ്രന്റെ പിന്മുറക്കാരനായി വീണ്ടുമൊരു കോട്ടയംകാരനാണെത്തുന്നതെന്ന പ്രത്യേകതയും തീരുമാനത്തിലുണ്ട്. എഴുത്തുകാരൻ, പത്രപ്രവർത്തകൻ, വാഗ്മി എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ബിനോയ് വിശ്വം മികച്ച പാർലമെന്റേറിയനും സംഘാടകനുമാണ്. 2018 മുതൽ രാജ്യസഭ അംഗമാണ്.
1955 നവംബർ 25ന് വൈക്കത്ത് പാർട്ടി കുടുംബത്തിലാണ് ജനിച്ചത്. വൈക്കം മുൻ എം.എൽ.എയും കമ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥന്റെയും സി.കെ. ഓമനയുടെയും മകനായ ബിനോയ് എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡിഗ്രിക്കുശേഷം എൽഎൽ.ബിയും പൂർത്തിയാക്കി. എ.ഐ.വൈ.എഫിന്റെ വിവിധ ചുമതലകളും വഹിച്ചു.
ജനയുഗത്തിലൂടെ പത്രപ്രവർത്തകനുമായ ബിനോയ് വിശ്വം 2001, 2006 വർഷങ്ങളിൽ നാദാപുരത്തുനിന്ന് നിയമസഭയിലെത്തി. 2006ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്നു. ഭാര്യ: ഷൈല. മക്കൾ: രശ്മി (പത്രപ്രവർത്തക), അഡ്വ. സൂര്യ.
കഴിവിന്റെ പരമാവധി ശ്രമിക്കും -ബിനോയ് വിശ്വം
കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. മഹാരഥൻമാർ ഇരുന്ന കസേരയിൽ ഇരിക്കാൻ അവരുടെയത്ര യോഗ്യനല്ല താൻ. എന്നാൽ കഴിവിനൊത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഇടതുപക്ഷത്തിന്റെ പാരമ്പര്യത്തെയും ആശയത്തെയും കുറിച്ച് പൂർണബോധ്യമുണ്ട്. പാർട്ടി ഏൽപ്പിക്കുന്ന ദൗത്യം പൂർണമായി നിർവഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. സി.പി.ഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയുടെ വളർച്ചക്കായി ശ്രമിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.