കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ: അറസ്റ്റിലായവരിൽ യുവാക്കളും ഐ.ടി വിദഗ്ധരും
text_fieldsതിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ യുവാക്കളും ഐ.ടി വിദഗ്ധരും. പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് റെയ്ഡില്‍ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 47 പേര്‍ അറസ്റ്റിലായി. ഇതിെൻറ ഭാഗമായി മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ എന്നിവ ഉൾപ്പെടെ 143 ഉപകരണങ്ങൾ പിടിച്ചെടുത്തു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്, 15. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
അറസ്റ്റിലായവരിൽ പ്രഫഷനൽ ജോലി ചെയ്യുന്ന യുവാക്കളും ഐ.ടി വിദഗ്ധരും ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ട ബാക്കി ആളുകളുടെ വിശദാംശങ്ങളും വീഡിയോകളും കൂടുതൽ ശേഖരിക്കുകയാണ്. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയും ഇൻറര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരള പൊലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ച് പൊലീസ് നിരീക്ഷണവും റെയ്ഡും തുടരും.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാൻ സംസ്ഥാന പൊലീസ് രൂപം നല്‍കിയ കേരള പൊലീസ് കൗണ്ടെറിങ് ചൈൽഡ് സെക്സ് എക്സ്പോളോയ്‌റ്റേഷൻ വിഭാഗവും സൈബർഡോമും ചേർന്ന് നടത്തിയ റെയ്‌ഡിന് വിവിധ ജില്ലകളിൽ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു.
ജില്ലകളിൽ ജില്ല പൊലീസ് മേധാവിമാരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.