മലക്കം മറിഞ്ഞു; ആംബുലൻസിൽ കയറിയെന്ന് സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം: തൃശൂർപൂരവുമായി ബന്ധപ്പെട്ട ആംബുലൻസ് വിവാദത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൂരം അലങ്കോലമായ രാത്രിയിൽ പൂരനഗരിയിലെത്തിയത് ആംബുലന്‍സിൽ കയറിയെന്ന് മന്ത്രി സമ്മതിച്ചു. സേവാഭാരതിയുടെ ആംബുലൻസിൽ പൂരനഗരിയിൽ വന്നിറങ്ങുന്ന വിഡിയോ പുറത്തുവന്നിട്ടും സുരേഷ് ഗോപി അതു നിഷേധിച്ചിരുന്നു. നിങ്ങൾ കണ്ടത് മായക്കാഴ്ചയാണെന്നായിരുന്നു പ്രതികരണം.
മന്ത്രിമാരെ പോലും പൂരനഗരിയിൽ പൊലീസ് വിലക്കിയപ്പോൾ, അന്ന് ബി.ജെ.പി സ്ഥാനാർഥി മാത്രമായിരുന്ന സുരേഷ് ഗോപിക്ക് ആംബുലൻസ് ഒരുക്കിയത് പൊലീസ്-സംഘ്പരിവാർ ഒത്തുകളിയുടെ ഭാഗമെന്നാണ് ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് ആംബുലൻസ് ഉപയോഗിച്ചത് സുരേഷ് ഗോപി നിഷേധിച്ചത്. വിഡിയോ പുറത്തുവന്ന കാര്യം മായക്കാഴ്ചയെന്ന് വാദിക്കുന്നത് വ്യാപകമായ പരിഹാസത്തിന് വഴിവെച്ചതോടെയാണ് പാർട്ടി ഇടപെട്ട് കേന്ദ്രമന്ത്രിയെ തിരുത്തിച്ചത്.
അന്ന് ജനക്കൂട്ടം ആക്രമിച്ചെന്നും കാലിന് വയ്യാത്തതിനാലാണ് ആംബുലൻസ് ഉപയോഗിച്ചതെന്നുമുള്ള പുതിയ വാദങ്ങളാണ് സുരേഷ് ഗോപി ഇപ്പോൾ നിരത്തുന്നത്. കാലിന് പ്രശ്നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിലാണ് സ്ഥലത്ത് എത്തിയത്.
ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുള്ള യുവാക്കള്‍ രക്ഷപ്പെടുത്തി. ഒരു പാർട്ടിയിലും പെടാത്തവരാണ് രക്ഷക്കെത്തിയത്. പൂരം കലക്കൽ അന്വേഷണത്തിന് സി.ബി.ഐയെ വിളിക്കാൻ സംസ്ഥാന സർക്കാറിന് ചങ്കൂറ്റമുണ്ടോയെന്ന ചോദ്യം സുരേഷ് ഗോപി ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.