സ്വപ്നയെ തിരിച്ചറിയാതെ പോയത് പിഴവ് –ശ്രീരാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ മാത്രമാണ് സ്വപ്ന സുരേഷിനെ പരിചയമെന്നും തീര്‍ത്തും പ്രഫഷനലായ ബന്ധമാണ് അവരോട് ഉണ്ടായിരുന്നതെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. സ്വപ്ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നെന്ന് തിരിച്ചറിയാൻ സാധിക്കാതെപോയത് പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തനിക്കെതിരെ ഉയർന്ന വിവാദങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. സ്വപ്നയെ കൂടുതലായി പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതൊഴിച്ചാൽ സ്വപ്ന എന്തെങ്കിലും സഹായം തന്നിൽനിന്ന് ആവശ്യപ്പെട്ടിട്ടില്ല.
മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്യുന്ന ആൾ കൂടെയുള്ളപ്പോൾ തെൻറ സഹായം അവര്‍ക്ക് ആവശ്യമില്ല. കൃത്യമായ ഇൻറലിജൻസ് വിവരങ്ങളും ഇക്കാര്യത്തിൽ ലഭിച്ചില്ല. വ്യക്തിപരമായ സൗഹൃദം എന്നതിനെ എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല.
ബന്ധുവാണ് സ്വപ്ന എന്ന് ശിവശങ്കര്‍ ഒരുതവണ പറഞ്ഞത് അവരെ കൂടുതൽ വിശ്വസിക്കാൻ കാരണമായി. സന്ദീപിനെയും സരിത്തിനെയും പരിചയമില്ല. സന്ദീപിനെ കണ്ടിട്ടുപോലുമില്ല. സരിത്തിനെ ഒരുതവണ സ്വപ്നക്കൊപ്പം കണ്ടെങ്കിലും നേരിട്ട് പരിചയമില്ല.
സ്പീക്കറായി പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷത്തിൽ ഏറ്റവും വിഷമം തോന്നിയത് തന്നെക്കുറിച്ച് ഇല്ലാക്കഥകൾ മാധ്യമങ്ങൾ ആരോപണമായി കൊണ്ടുവന്നപ്പോഴാണ്. സ്പീക്കറായതിനാൽ തുറന്ന് പ്രതികരിക്കാനോ തിരിച്ചടിക്കാനോ പറ്റില്ല. നിയമസഭയിൽ ഉയർന്ന വിവാദങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയിൽ നിന്നുണ്ടായില്ലെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.