ബി.ബി.സി റെയ്ഡിന്‍റെ ഉദ്ദേശശുദ്ധി സംശയകരം; മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്നും മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെന്ററിയിൽ ബി.ജെ.പി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് ബി.ബി.സിക്ക് നേരെ തിരിഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ബി.സിയുടെ മുംബൈ, ഡൽഹി ഓഫിസുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപത്തിൽ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ പുറത്തുവന്നതിനു പിന്നാലെയാണ് ബി.ബി.സി ഓഫിസുകളിൽ റെയ്ഡ് നടക്കുന്നത്. ആദായനികുതി വകുപ്പിന്റെ പരിശോധനകളുമായി സഹകരിക്കുമെന്ന് ബി.ബി.സി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്;
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.