ആൻഡ്രിയക്ക് പിറന്നാളായിരുന്നു ഇന്നലെ, വിതുമ്പലടക്കി ദിയ
text_fieldsകൽപറ്റ: ‘എന്റെ പിറന്നാൾ മറന്നില്ലല്ലോ...’ ദിവസങ്ങൾക്ക് മുമ്പാണ് ആൻഡ്രിയയുടെ ശബ്ദസന്ദേശം ദിയാമോൾക്ക് ലഭിച്ചത്. കനത്ത മഴയിൽ പിറന്നാളാഘോഷം വിട്ടുപോവുമോയെന്ന ആധിയായിരുന്നു അവൾക്ക്. എത്ര മഴയുണ്ടായാലും ഇത്തവണയും വീട്ടിൽ ഒരുമിക്കാമെന്ന് ദിയയുടെ ഉറപ്പ്. കഴിഞ്ഞതവണത്തെ ക്ലോക്കിനെക്കാൾ മികച്ച സർപ്രൈസ് ഗിഫ്റ്റുമായി വരുമെന്നും പറഞ്ഞതോടെ ആശങ്കയുടെ കരിമേഘങ്ങൾ തെളിഞ്ഞു.
ബുധനാഴ്ചയാണ് ആൻഡ്രിയക്ക് 15 വയസ്സ് തികഞ്ഞത്. പിറന്നാൾ മധുരം നൽകുന്നത് പോയിട്ട് ഒന്ന് മിണ്ടാൻപോലും ദിയയുടെ പ്രിയ കൂട്ടുകാരി ഒപ്പമില്ല. കഴിഞ്ഞ പിറന്നാളിന് മുണ്ടക്കൈയിലെ വീട്ടിൽ ബിരിയാണി വാരിത്തന്ന ആൻഡ്രിയയുടെ അമ്മയും കൂടെയില്ല. അച്ഛൻ രാജനും അമ്മ മറുതായും സഹോദരങ്ങളായ ജിനുവും പ്രിയങ്കയും അച്ഛമ്മയുമൊന്നും ഒപ്പമില്ല. സഹോദരങ്ങളായ ജിഷ്ണുവും ജിബിനും ഒഴികെ എല്ലാവരെയും ഉരുൾപൊട്ടൽ അപഹരിച്ചു.
ഉരുൾപൊട്ടലിന്റെ രണ്ട് മണിക്കൂർ മുമ്പാണ് ആൻഡ്രിയ അവസാനമായി ദിയയോട് സംസാരിച്ചത്. കനത്ത മഴയെക്കുറിച്ച ആധിയാണ് ഇവർ പങ്കുവെച്ചത്. ‘പേടിക്കേണ്ട.. ഉമ്മ...’ എന്ന് പറഞ്ഞ് ദിയയെ സമാധാനിപ്പിച്ച് ആൻഡ്രിയ മെസേജിട്ടു. ആൻഡ്രിയക്ക് പുറമെ വെള്ളാർമല ജി.വി.എച്ച്.എസിലെ സഹപാഠികളായ നസ്ലയും ശരണും നജയും നയിഷാനും എല്ലാം പോയി. ഇവരെയൊക്കെ വിട്ടുപിരിഞ്ഞത് ആലോചിക്കാൻപോലും കഴിയുന്നില്ലെന്ന് കൽപറ്റ ഡിപോൾ ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് പറയുമ്പോൾ വിതുമ്പൽ മറച്ചുപിടിക്കാൻ പാടുപെടുകയായിരുന്നു ദിയമോൾ.
ചൂരൽമല ഹൈസ്കൂൾ റോഡിലെ വിനോദ് കുമാർ- സുമിത ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയവളാണ് ദിയ. ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് മുകളിലേക്ക് ഓടിയതിനാൽ ഞങ്ങളിന്ന് ജീവിച്ചിരിക്കുന്നു. എന്തായാലും ഇനി ആ നാട്ടിലേക്ക് ഞങ്ങളില്ലെന്ന് ഇവർ തറപ്പിച്ചു പറയുന്നു.
യാത്രയായിരുന്നു ആൻഡ്രിയുടെ ഇഷ്ടം. എവിടെപോകുമ്പോഴും മാസ്ക് അഴിക്കില്ല. അവധി ദിവസങ്ങളിൽ ഞങ്ങൾ കറങ്ങിനടക്കും. വെള്ളാർമല ജി.വി.എച്ച്.എസിൽനിന്ന് എസ്.എസ്.എൽ.സിക്കുശേഷം ദിയ അവിടെതന്നെ സയൻസ് ഗ്രൂപ്പിൽ പ്ലസ് വണിന് ചേർന്നു. ആൻഡ്രിയ അരപ്പറ്റ സി.എം.എസ് സ്കൂളിലും.
പത്തിലെ പലരും വഴിപിരിഞ്ഞെങ്കിലും ദിയയും ആൻഡ്രിയയും ഉൾപ്പെടുന്ന ഏതാനുംപേർ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയാണ് യാത്രയും മറ്റും.
സഹപാഠികൾ പലരും ഒപ്പമില്ല. ക്യാമ്പിൽ കാർത്തികും ഷബീനയുമുണ്ട്. ദിയ ഉൾപ്പെടെ ഒട്ടേറെ കുട്ടികളാണ് കൽപറ്റയിലും മേപ്പാടിയിലുമുള്ള വിവിധ ക്യാമ്പുകളിലുള്ളത്. അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ മാനസിക പിന്തുണയുമായി സർക്കാർ സംവിധാനം ഒപ്പമുണ്ട്. ഒരു നിമിഷം പോലും മാറിനിൽക്കാതെ ബന്ധുക്കളും പിന്നാലെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.