അരി തേടി അരിക്കൊമ്പനെത്തിയത് പുലര്‍ച്ചെ, ആശങ്കയോടെ പ്രദേശവാസികൾ
text_fieldsഇടുക്കി: തമിഴ്നാട്ടിലും അരിതേടി അരിക്കൊമ്പൻ ആക്രമണം തുടങ്ങി. ഇന്നലെ രാത്രിയോടെ മേഘമലക്ക് സമീപം മണലാർ എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ തകർത്തെങ്കിലും അരി ഭക്ഷിക്കാതെ മടങ്ങിയെന്ന വിവരമാണ് തമിഴ്നാട് വനംവകുപ്പിന് ലഭിച്ചത്. റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി അകത്താക്കുന്നതാണ് ചിന്നക്കനാലിലെ ശീലം. അത് തമിഴ് നാട്ടിലും തുടരുകയാണ്.
ചിന്നക്കനാലിലേത് പോലെ രാത്രി രണ്ടു മണിക്ക് ശേഷമാണ് എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ കൊമ്പൻ ഭാഗികമായി തകർത്തത്. തകര ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലാണ് തകർക്കാൻ ശ്രമിച്ചത്. എന്നാൽ അരി തിന്നാതെ ആന തിരികെ കാടുകയറി. കടക്കു മുൻപിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനവും ആക്രമിച്ചില്ല.
സമീപത്തെ ലയത്തിൻറെ ഒരു വാതിലും തുറക്കാൻ ശ്രമിച്ചു. പുലർച്ചെയോടെ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിലെത്തി. അപ്പർ മണലാർ ഭാഗത്ത് സംസ്ഥാന വനംവകുപ്പിൻറെ കാമ്പിനുള്ളിൽ കടന്നു. ആന കടന്ന് പോയപ്പോൾ കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന താൽക്കാലിക ഷെഡും ഭാഗികമായി തകർന്നു വീണു.
തിരികെ അതിർത്തി മേഖലയിലെ വനത്തിനുള്ളിലേക്ക് കടന്നതായാണ് വനവകുപ്പിന് സിഗ്നൽ ലഭിച്ചിരിക്കുന്നത്. നോരത്തെ ഒരു വർഷത്തിനിടെ ഒമ്പത് തവണയാണ് പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട തകർത്ത് അരിച്ചാക്കുകൾ പൊട്ടിച്ച് അരി തിന്നുതീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.