ഇവിടെനിന്നായിരുന്നു അവർ സ്വപ്നത്തിലേറി പറന്നത്
text_fieldsകൊച്ചി: ഇവിടെനിന്നായിരുന്നു അവരിൽ പലരും തങ്ങളുടെ ജീവിതസ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ച് പറന്നത്. പ്രിയപ്പെട്ടവർക്ക് ആലിംഗനങ്ങൾ നൽകി, കണ്ണീരോടെ കൈവീശി അന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ ബോർഡിങ് ഗേറ്റിലേക്ക് നടന്നുപോയവർ ഒടുവിൽ അതേ വിമാനത്താവളത്തിൽ തിരിച്ചെത്തിയത് ജീവനറ്റ ദേഹങ്ങളായാണ്. അന്ന് കണ്ണീർ കലർന്ന പുഞ്ചിരിയോടെ യാത്രയാക്കിയ ബന്ധുക്കളും അവർക്കായി കാത്തിരിപ്പുണ്ടായിരുന്നു.
എന്നാൽ താൽക്കാലിക വിടപറയലിന്‍റെ വേദനയിലല്ല, ഇനിയൊരിക്കലും തിരിച്ചുവരാത്ത പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻപോലും അശക്തരാകും വിധം കണ്ണീര് കവിഞ്ഞൊഴുകുന്ന ഹൃദയങ്ങളുമായാണ്. പല ദിവസങ്ങളിൽ പല വിമാനങ്ങളിലായി പ്രതീക്ഷയുടെ ഭൂമികകളിലേക്ക് പറന്നവരെല്ലാം ഒടുവിൽ ഇന്ത്യൻ വ്യോമസേനയുടെ സി 30 ജെ എയർക്രാഫ്റ്റിൽ അന്ത്യയാത്രയായി എത്തി.
ദൂരെ കടലിനക്കരെനിന്ന് പ്രിയപ്പെട്ട പിതാവ് ചോക്ലറ്റുകളും കളിപ്പാട്ടങ്ങളുമായി പറന്നുവരുന്നത് കാത്തിരുന്ന കുഞ്ഞുമക്കളുടെ ഇടയിലേക്കാണ് ആ പിതാക്കൾ ചേതനയറ്റ ശരീരങ്ങളായി വന്നണഞ്ഞത്. നൂറുനൂറു സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളിൽപ്പേറി യാത്ര പറഞ്ഞ മക്കളുടെ മുഖം പോലും ശരിക്കൊന്ന് കാണാനാവാത്ത രക്ഷിതാക്കളുടെ വേദന കണ്ടുനിന്നവരുടെയെല്ലാം ഉള്ളു തകർക്കുന്നതായിരുന്നു. പ്രിയപ്പെട്ടവൻ ഇനി ഈ ലോകത്തില്ലെന്ന സത്യം അംഗീകരിക്കാനാവാതെ ഭാര്യമാരും കണ്ണീർക്കടൽ തീർത്തു.
ദുരന്തത്തിൽ മരിച്ച മലയാളികളായ 24 പേരിൽ മിക്കവരും നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് പ്രതീക്ഷകളുടെ കടൽ കടന്നുപോയത്. ഒടുവിൽ കേരളത്തിന്‍റെ പലഭാഗങ്ങളിൽ നിന്നുമുള്ളവരും തമിഴ്നാട്, കർണാടക സ്വദേശികളുമുൾപ്പെടെ 31 മൃതദേഹങ്ങൾ വിമാനത്താവളത്തിൽ പൊതുദർശനത്തിന് നിരത്തിവെച്ചപ്പോൾ കാണാനെത്തിയവരും നാട്ടുകാരും ജീവനക്കാരുമുൾപ്പെടെ തേങ്ങുന്ന കാഴ്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.