പൂരം കലക്കിയത് ഞാനല്ല -സുരേഷ് ഗോപി
text_fieldsകൊടുന്തിരപ്പുള്ളി (പാലക്കാട്): തൃശൂർ പൂരം കലക്കിയത് താനല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആംബുലൻസ് ഉപയോഗിച്ചിട്ടില്ലെന്ന് നിരവധി തവണ വ്യക്തമാക്കിയിട്ടും സി.പി.എം അടക്കമുള്ള രാഷ്ടീയ എതിരാളികൾ നുണ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക നിയമങ്ങൾ തച്ചുടച്ച ‘ഇൻഡ്യ’ മുന്നണിക്കെതിരെ ഉപതെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കണം. കേരളത്തിന്റെയും ഭാരതത്തിന്റെയും അസ്തിത്വം നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. രാഷ്ട്രീയമെന്നത് അടിമത്തമല്ലെന്ന് തിരിച്ചറിയണം. തൃശൂർ ജനത അത് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ പാലക്കാട്ടും അത് സംഭവിക്കും. കേരളത്തിന്റെ ഏറ്റവും വലിയ ശാപം ‘പ്രമേയം പാസാക്കൽ നിയമസഭ’യാണെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങളോട് ‘മൂവ് ഔട്ട്’
കൊച്ചി: തൃശൂർ പൂരത്തിനിടെയുള്ള ആംബുലൻസ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് മാറിനിൽക്കാൻ പറഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ‘മൂവ് ഔട്ട്’ എന്ന് പല തവണ ആവർത്തിച്ച അദ്ദേഹം, ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. എറണാകുളം ഗംഗോത്രി ഹാളിൽ റോസ്ഗാർ മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. മാധ്യമങ്ങളോട് സംസാരിക്കാൻ തനിക്ക് സൗകര്യമില്ലെന്നും പറയാനുള്ളത് സി.ബി.ഐയോട് പറയാമെന്നും സുരേഷ് ഗോപി മറുപടി നൽകി. പൂരത്തിന് സേവാഭാരതിയുടെ ആംബുലൻസിൽ വന്നിറങ്ങിയതിന് വ്യക്തമായ തെളിവുണ്ടല്ലോ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.
പൂരം കലക്കിയതുതന്നെ –വെള്ളാപ്പള്ളി
കൊല്ലം: തൃശൂർപൂരം കലക്കിയതുതന്നെയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതിൽ പ്രയോജനമുണ്ടായത് ബി.ജെ.പിക്കാണ്. അവർക്ക് ഒരു എം.പിയെ കിട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നതിൽ ചെറിയ സ്പെല്ലിങ് മിസ്റ്റേക്കുണ്ടെന്ന് തോന്നുന്നു. വെടിക്കെട്ട് താമസിപ്പിച്ചതും ലാത്തിച്ചാർജ് നടത്തിയതും കലക്കലല്ലേ. എൻ.ഡി.എയുടെ ഐശ്വര്യമാണ് എൽ.ഡി.എഫ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ജയിക്കും.
ഇവിടെ ബി.ജെ.പി വളർന്നതാണ് കാരണം. കോൺഗ്രസിന്റെ വോട്ടാണ് ബി.ജെ.പി കൊണ്ടുപോയത്. ത്രികോണ മത്സരം ശക്തമായതിന്റെ ഗുണം എൽ.ഡി.എഫിന് കിട്ടുമെന്നും കൊല്ലത്ത് മാധ്യമപ്രവർത്തകരോട് വെള്ളാപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗത്തിന് പ്രത്യേക നയമില്ല. ആരു വേണമെങ്കിലും ജയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.