മുഖ്യമന്ത്രിയും വനം മന്ത്രിയും വയനാട്ടില്‍ പോകാതിരുന്നത് തെറ്റ്; രാഹുലിന്‍റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എ.കെ. ശശീന്ദ്രനും സന്ദർശനം നടത്താത്തതിനെ രൂക്ഷമായി വിമർശിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മുഖ്യമന്ത്രിയും വനം മന്ത്രിയും വയനാട്ടില്‍ പോകാതിരുന്നത് തെറ്റാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അവർക്ക് പോകാൻ ആഗ്രഹമില്ലാത്തത് കൊണ്ടല്ലെന്നും ജനരോഷം അത്രക്ക് എതിരാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ സന്ദർശത്തെയും വെള്ളാപ്പള്ളി വിമർശിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ വയനാട്ടിൽ നിന്നും ജയിച്ച വ്യക്തിയാണ്. ഇടക്കിടെ വന്നിട്ടു പോകുന്ന ഒരു എം.പിയാണ്. അദ്ദേഹം വന്ന് റീത്ത് വെച്ച് കരഞ്ഞിട്ടുപോയി. രാഹുൽ അവരുടെ കണ്ണീർ കുടിച്ചിട്ട് പോയെന്നും എന്നാൽ, കണ്ണീരൊപ്പിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവെച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ കോൺഗ്രസ് നേതാവും സ്ഥലം എം.പിയുമായ രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. പടമലയിൽ വേലൂർ മഗ്നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ വീട് സന്ദർശിച്ചു.
കൂടാതെ, പാക്കത്ത് കൊല്ലപ്പെട്ട കുറുവ ദ്വീപിലെ താൽകാലിക ജീവനക്കാരൻ വെള്ളച്ചാൽ പോളിന്റെ വീടും കടുവയുടെ ആക്രമണത്തിൽ വാകേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും രാഹുൽ സന്ദർശിച്ചു. ഗൃഹസന്ദർശനങ്ങൾ കഴിഞ്ഞ് കൽപറ്റയിലെത്തിയ രാഹുൽ ഗാന്ധി തോൽപ്പെട്ടി, പുളിഞ്ഞാൽ എന്നിവിടങ്ങളിൽ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് സംസാരിച്ചു. തുടർന്ന് വന്യമൃഗ ആക്രമണങ്ങളെ കുറിച്ചുള്ള യോഗത്തിലും രാഹുൽ ഗാന്ധി സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.