കേരളത്തിൽ നടക്കും, യു.പിയിലാണെങ്കിൽ നടക്കില്ലായിരുന്നു; സർക്കാറിനെതിരെ വീണ്ടും ഗവർണർ
text_fieldsന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ 2019 ഡിസംബറിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ വേദിയിൽ തനിക്കെതിരെ ആക്രമണശ്രമം നടന്നത് കേരളത്തിലായതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി അലീഗഢിൽ പ്രസംഗിക്കുന്നതിനെ ചരിത്രകാരനായ ഇർഫാൻ ഹബീബ് എതിർത്തിരുന്നെങ്കിലും തടയാൻ ശ്രമിക്കാത്തത് അവിടെ ഭരിക്കുന്നത് യോഗി സർക്കാരായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ കൈയേറ്റം ചെയ്യാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ഒത്താശ ചെയ്‌തെന്ന ആരോപണം ഗവർണർ ആവർത്തിച്ചു. ഇന്ത്യൻ ചരിത്ര കോൺഗ്രസിലേക്ക് തന്നെ ക്ഷണിച്ച വി.സി, ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു.
''കൈയേറ്റത്തിന് ശ്രമിച്ച ഇർഫാൻ ഹബീബിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവാണ് സർക്കാരിന്‍റെ മൗനം. കേരളത്തിലായതുകൊണ്ടാണ് ഇത് നടക്കുന്നത്. മറ്റിടങ്ങളിൽ ഇർഫാൻ ഹബീബ് ഇത് ചെയ്യില്ല. അലീഗഢിൽ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനെ ഇർഫാൻ ഹബീബ് എതിർത്തിരുന്നു. എന്നിട്ടും പ്രധാനമന്ത്രിയെ തടയാൻ ശ്രമിച്ചില്ല. കാരണം അവിടെ ഭരിക്കുന്നത് യോഗി ആദിത്യനാഥ് സർക്കാരാണ്. യു.പിയിൽ കൈയേറ്റത്തിന് ശ്രമിച്ചാൽ എന്തുണ്ടാകുമെന്ന് ഇർഫാന് അറിയാം. വിയോജിക്കുന്നവരെ ആക്രമിക്കുന്നതാണ് കേരളത്തിലെ ചില പ്രത്യയശാസ്ത്രങ്ങൾ'' – ഗവർണർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.