സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് നാലു വരെ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിനും രണ്ടിനും തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ആഗസ്റ്റ് മൂന്നിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് നാലിന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട അത്തിക്കയത്ത് ഒരാൾ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടു. അത്തിക്കയം സ്വദേശി റെജി ചീങ്കയിലാണ് ഒഴുക്കിൽപ്പെട്ടത്. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിങ്‌സ്റ്റോൺ ആണ് മരിച്ചത്. അപകടത്തിൽ പെട്ട മറ്റ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
പൂവാർ, പൊഴിയൂർ, തെക്കേ കൊല്ലംകോട് തുടങ്ങിയ പ്രദേശങ്ങങ്ങളിലെ തീരം കടലെടുത്തു. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ മാത്രമല്ല മലയോര മേഖലയിലും മഴ ശക്തമായി തുടരുകയാണ്. നെയ്യാറിൽ ജലനിരപ്പ് ഉയർന്നതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. നെയ്യാറ്റിൻകര വെള്ളറടയിൽ നിർത്തിയിട്ട കാറിനു പുറത്ത് മണ്ണിടിഞ്ഞ് വീണു.
കോട്ടയത്തെ മലയോര മേഖലകളിൽ പതിനൊന്ന് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഈരാറ്റുപേട്ടയിൽ കടകളിൽ വെള്ളം കയറി. മൂന്നിലവിൽ വീണ്ടും ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്. ടൗൺ മുഴുൻ വെള്ളത്തിലാണ്. കൊല്ലത്ത് തീരദേശമേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.
മൈനിങ് നിരോധിച്ചു
എറണാകുളത്തും കോട്ടയത്തും ഖനനം നിരോധിച്ചു.തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കടലോര,കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗതം,ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 45 സെ.മി ഉയർത്തിയിട്ടുണ്ട്. ഇന്ന് 4:30 ന് 30 സെ.മി കൂടി ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പ്രദേശത്തു പൂയംകുട്ടി പുഴയ്ക്ക് അക്കരെ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയിക്കുന്നു. പെട്ടെന്നുണ്ടായ മലവെള്ള പാച്ചിലിൽ 3 വീടുകളിൽ വെള്ളം കയറി. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്. ശക്തമായ മഴ സാധ്യത മുന്നിൽ കണ്ടുകൊണ്ടു തന്നെ എല്ലാ വകുപ്പുകളോടും തയാറായി ഇരിക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്.
ഇടമലയാർ, ഭൂതത്താൻ കെട്ട് എന്നിവിടങ്ങളിലെ ജലനിരപ്പ് നിലവിൽ ആശങ്ക ഉണ്ടാകുന്ന രീതിയിൽ ഇല്ല. ജില്ലയിലെ രണ്ടു പ്രധാന നദികളായ പെരിയാർ, മുവാറ്റുപുഴയാർ എന്നിവടങ്ങളിലെ ജലനിരപ്പും അപകടകരമായ നിലയിലല്ല. ശക്തമായ മഴയുടെ മുന്നറിയിപ്പ് ഉള്ളതിനാൽ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്.
തൃശൂർ, ഇടുക്കി ജില്ലകളിലെ ഡാമുകൾ തുറക്കുമ്പോൾ വെള്ളം കയറാൻ ഇടയുള്ള പ്രദേശങ്ങളിൽ പ്രത്യേക അലേർട്ട് നൽകിയിട്ടുണ്ട്. രണ്ടു ജില്ലകളിലെയും കൺട്രോൾ റൂമുകളുമായി ബന്ധപ്പെടുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനും, വേണ്ട നിർദേശങ്ങൾ നൽകുന്നതിനും വേണ്ടി ഇന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.