
'ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും, അതിദാരിദ്ര്യം ഇല്ലാതാക്കും'
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും ജനങ്ങളുടെ ജീവത നിലവാരം ഉയർത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യമുള്ള കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യരേഖക്ക് മുകളിൽ കൊണ്ടുവരും. സാമൂഹിക മേഖലകള്‍ ശക്തിപ്പെടുത്തും. സാമൂഹിക ക്ഷേമം, സാമൂഹിക നീതി, ലിംഗനീതി, സ്ത്രീസുരക്ഷ എന്നിവ കൂടുതല്‍ ശാക്തീകരിക്കാൻ നടപടികളുണ്ടാകും.
ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികള്‍ തുടങ്ങിയവയെ കൃത്യമായി പ്രയോജനപ്പെടുത്തി കൃഷി, അനുബന്ധ മേഖലകൾ, നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉൽപ്പാദന സേവനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തും. എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായും നടപ്പാക്കും. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാനും വളര്‍ത്താനും പ്രത്യേക നയം രൂപീകരിക്കും.
കേരളത്തിലെ യുവാക്കള്‍ക്ക് ആധുനിക സമ്പദ്ഘടനയില്‍ ലഭ്യമായ ഏറ്റവും മികച്ച തൊഴിലുകൾ സൃഷ്ടിക്കും. അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിന്‍റെ ജീവിത നിലവാരം അന്താരാഷ്ട്രതലത്തില്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യം. തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്താൻ ഊന്നല്‍ നല്‍കും.
ആരെയും മാറ്റിനിര്‍ത്താത്ത വികസനമാണ് ഉയര്‍ത്തിപ്പിടിക്കുക. കാര്‍ഷിക മേഖലയില്‍ ഉൽപ്പാദന ക്ഷമത, ലാഭസാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പാക്കും. ഓരോ വിളയുടേയും ഉൽപ്പാദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യം നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.