വീണ്ടും ട്വിസ്റ്റ്; അത് നവ്യയുടെ അമ്മയല്ല... മലയാളിയായ അമ്മയെ അറിയാൻ തിരച്ചിൽ തുടർന്ന് ഇറ്റാലിയൻ പൗര
text_fieldsകോഴിക്കോട്: പെറ്റമ്മയുടെ നെഞ്ചിലെ ചൂടറിയാതെ വളർന്ന നവ്യ സോഫിയ ഡൊറിഗാറ്റി വർഷങ്ങളായി അമ്മയെ അറിയാനുള്ള തിരച്ചിലിലായിരുന്നു. പ്രസവിച്ചയുടൻ കോഴിക്കോട്ടെ അനാഥാലയത്തിൽ ആരോ ഏൽപ്പിച്ചതാണ് നവ്യയെ. പിന്നീട് വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറി. രണ്ടാം വയസ്സിൽ വയനാട്ടിൽ നിന്ന് ഇറ്റലിയിലെ ദമ്പതികൾ ദത്തെടുത്ത നവ്യക്ക് അമ്മയെ ഒരു നോക്ക് കാണുന്നതായിരുന്നു വലിയ സ്വപ്നം.
കഴിഞ്ഞ വർഷം മാധ്യമങ്ങളിലെ വാർത്ത കണ്ട് നവ്യയുടെ അമ്മയെ തേടി പലരും ഇറങ്ങി. ചേവായൂർ പോലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റിജേഷിൻ്റെ സഹായത്താൽ ഒരു സ്ത്രീയെ കണ്ടെത്തുകയും ചെയ്തു. ഇത് തൻ്റെ മകൾ തന്നെയാണെന്ന് ആ അമ്മ സമ്മതിച്ചു. ജീവിതത്തിലെ അതിമധുരമായ ആഗ്രഹ സാഫല്യത്തിൻ്റെ സന്തോഷത്തിൽ നവ്യ മതി മറന്നു. ഇംഗ്ലീഷിൽ തട്ടിയും മുട്ടിയും സംസാരിക്കുന്ന 'അമ്മ'യുമായി നവ്യ ഫോൺ വഴി ബന്ധം തുടർന്നു. നവ്യയുടെ ഭർത്താവും മക്കളുമായും അവർ സംസാരിച്ചു. കൊച്ചു മക്കളെ കണ്ടപ്പോൾ ആ സ്ത്രീ സന്തോഷം പ്രകടിപ്പിച്ചു.
അതേ സമയം, നവ്യയുടെ അച്ഛനാരാണെന്ന് ആ സ്ത്രീ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, അത് തൻ്റെ അമ്മയല്ലെന്ന് പിന്നീട് അറിഞ്ഞെന്ന് നവ്യ 'മാധ്യമ'ത്തോട് പറഞ്ഞു. നിരാശയും സങ്കടവും മനസിൽ നിറഞ്ഞു. എന്നാലും പിന്മാറാൻ ഒരുക്കമല്ലാതെ തിരച്ചിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. അമ്മയെന്ന് പറഞ്ഞ സ്ത്രീയുടെ മകളെയും ഇറ്റലിയിലേക്ക് ദത്തെടുത്തു കൊണ്ടു പോയിരുന്നു. എന്നാൽ അഞ്ചാം മാസത്തിലായിരുന്നു ദത്തെടുത്തത്. നവ്യയെ രണ്ടാം വയസിലും. 1984 മാർച്ച് 31നാണ് നവ്യ ജനിച്ചത്. അമ്മയെന്ന് പറഞ്ഞ സ്ത്രീയുടെ മകളുടെ ജനനത്തിയതി വ്യത്യസ്തമായതും യഥാർഥ അമ്മയല്ലെന്ന് ഉറപ്പിക്കാനായി. ഇക്കാര്യത്തിൽ റിജേഷിൻ്റെ സഹായമില്ലായിരുന്നെങ്കിൽ അമ്മയെന്ന നിലയിൽ ബന്ധം തുടരുമായിരുന്നെന്നും നവ്യ പറയുന്നു.
വടക്കൻ ഇറ്റലിയിലെ ട്രെൻ്റോയിലാണ് 36 കാരിയായ നവ്യ താമസിക്കുന്നത്. സൂപ്പർ മാർക്കറ്റിലെ മാനേജരായ ഭർത്താവ് ഏയ്ഞ്ചലോയും മക്കളും അമ്മയെ തേടാൻ പൂർണ പിന്തുണയുമായി കൂടെയുണ്ട്.
സിൽവാനോ ഡൊറിഗാട്ടിയും ഭാര്യ തിസിയാനയുമാണ് നവ്യയെ ദത്തെടുത്തത്. മാതാപിതാക്കളെ പോലെ നിറമില്ലാത്തതെന്താണെന്ന ചോദ്യമാണ് കേരളത്തിലെ അമ്മയിലേക്ക് ഈ യുവതിയുടെ അന്വേഷണം നീണ്ടത്. 11 വർഷം മുമ്പ് നേരിട്ട് കോഴിക്കോട്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം കണ്ടെത്തിയത് അമ്മയല്ലെന്ന് അറിഞ്ഞതോടെ തുടക്കത്തിലുണ്ടായ നിരാശയെ മാറ്റി വെച്ച് വീണ്ടും അന്വേഷണത്തിന് ഒരുങ്ങിയത് മാർച്ചിലാണ്. പുതിയ ദൗത്യവുമായി പുറപ്പെടാനിരിക്കേയാണ് ലോക് ഡൗണും കോവിഡും വിനയായത്. സോഫിയ എന്ന് പേരുള്ള അമ്മ എവിടെയോ ജീവിക്കുന്നുണ്ടാകുമെന്ന് നവ്യ ഉറച്ചു വിശ്വസിക്കുന്നു. ആദ്യം അമ്മയെ കണ്ടെത്തണം, പിന്നീട് അച്ഛനെയും . കടലിനക്കരെ നിന്ന് നവ്യ കാണുന്ന സ്വപ്നം മറ്റൊന്നുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.