ഇറ്റാലിയൻ നാടകകൃത്ത് ദാരിയോ ഫോയുടെ അരാജകവാദിയുടെ അപകട മരണം വ്യാഴാഴ്ച അരങ്ങത്ത്
text_fieldsകോഴിക്കോട് :ഇറ്റാലിയൻ നാടകകൃത്ത് ദാരിയോ ഫോയുടെ അരാജകവാദിയുടെ അപകട മരണം എന്ന നാടകം അരങ്ങത്ത് അവതരിപ്പിക്കുന്നു. കോഴിക്കോട് സർവാകലാശാലയിലെ മലയാള- കേരളപഠന വിഭാഗവുമായി ചേർന്ന് സർവകലാശാല, കാമ്പസ് തിയേറ്ററായ നാടകക്കൂട്ടമാണ് അവതാരകർ. ദാരിയോ ഫോയുടെ കൃതി പുനരാഖ്യാനം നടത്തിയത് പ്രഫ .രാമചന്ദ്രൻ മൊകേരിയാണ്.
പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ഒരു വിദ്യാർഥിയുടെ കഥ പറയുന്ന ഈ നാടകം ലോക ശ്രദ്ധ നേടിയ കൃതിയാണ്. ഒരു പ്രഹസനമാതൃകയിൽ രചിക്കപ്പെട്ട ഈ നാടകം ബ്രഹ്തിയൻ നാടക സമ്പ്രദായത്തിലാണ് അരങ്ങിലെത്തിക്കുന്നത്. സൗന്ദര്യാത്മകമായ രാഷ്ട്രീയ പ്രവർത്തനമായി മാറുന്ന അരങ്ങിന്റെ ഇടപെടലാണത്. പുത്തൻ മൂല്യങ്ങളെയും കൺതുറപ്പുകളെയും സർഗാത്മകമായി അത് ഉണർത്തിവിടും.
എഴുതപ്പെട്ട ഒരു കൃതിയെ അവലംബിച്ചുള്ള രംഗ പ്രസാധനം പൊതുവേ ഇല്ലാതിരിക്കുന്ന സമകാലിക മലയാള രംഗവേദിയിലേക്ക് അവ്വിധമൊരു പരീക്ഷണമാണ് ഈ നാടകത്തിലൂടെ നടത്തുന്നത്. വർത്തമാന കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലാത്തിലാണ് ആ നാടകം അവതരിപ്പിക്കുന്നത്.
തികച്ചും നൂതനവും അയവാർന്നതുമായ ഒരാഖ്യാന ശൈലിയിലൂടെ രംഗശില്പം കണ്ടെത്തുവാനുള്ള അന്വേഷണമാണിതെന്ന് സംവിധായകൻ ഡോ. എൽ തോമസ് കുട്ടി മാധ്യമം ഓൺ ലൈനോട് പറഞ്ഞു. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അധികാരത്തെയും കുറിച്ചൊക്കെ നാടകം ചർച്ച ചെയ്യുന്നു. എല്ലാത്തരം ഫാഷിസങ്ങൾക്കുമെതിരേ അത് വിരൽചൂണ്ടുന്നു. അടിയന്തരാവസ്ഥയുടെ കറുത്ത രാത്രികളെ മാത്രമല്ല, സമകാലിക ഭീതികളെക്കൂടി അത് പരിഗണിക്കുന്നു.
ശവത്തിൻറെ വ്യാപാരികളുടെ എല്ലാ വ്യവഹാരങ്ങളെയും ഈ നാടകം ചോദ്യം ചെയ്യുന്നു. സർഗാത്മകതയുടെ ഉറവ സ്വാതന്ത്ര്യമാണ്. സ്വന്തം സാഹചര്യങ്ങളെയും മൂല്യ ബോധങ്ങളെയും നിർഭയമായി പുനരാലോചിക്കാനായി പ്രേക്ഷനെ പ്രേരിപ്പിക്കുകയാണിതിൽ. കൂടുതൽ നല്ല മനുഷ്യരാകുവാൻ, വെറുപ്പിൻറെയും ഹിംസയുടേയും കറുത്ത രാത്രികളിൽ നിന്നും മുക്തരാകുവാൻ നാടകം ആഹ്വാനം ചെയ്യുന്നു. അഹിംസ ചെല്ലുകയും ഹിംസ തുടരുകയും ചെയ്യുന്ന വ്യവസ്ഥക്കെതിരായ പ്രതിരോധ ശബ്ദമാണ് നാടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.