കോവിഡ് വാക്സിനുശേഷം ചൊറിച്ചിൽ; കുത്തിവെപ്പെടുത്ത യുവതി മരിച്ചു
text_fieldsകുറ്റിപ്പുറം: കോവിഡ് വാക്സിനെടുത്ത ശേഷം അനുഭവപ്പെട്ട അലർജിയെ തുടർന്ന് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചു. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കപ്പുഴ കടവ് സ്വദേശി അസ്ന (27) ആണ് മരിച്ചത്. ബുധനാഴ്ച കുറ്റിപ്പുറം വ്യാപാര ഭവനിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽനിന്നാണ് യുവതി വാക്സിൻ എടുത്തത്. വ്യാഴാഴ്ച ദേഹാസ്വാസ്ഥ്യവും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ടതോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഒ.പിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദേശപ്രകാരം അലർജിക്കുള്ള രണ്ട് ഡോസ് ഇൻജക്ഷൻ എടുത്ത് മിനിറ്റുകൾക്കകം യുവതി ബോധരഹിതയാവുകയായിരുന്നു. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ആംബുലൻസിൽ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെൻറിലേറ്ററിെൻറ അഭാവം കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച മെച്ചപ്പെട്ട ചികിത്സിക്കായി യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃശൂരിൽതന്നെ ചികിത്സ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
യുവതി കോവിഡ് ബാധിച്ച് മൂന്നു മാസത്തിന് ശേഷമാണ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം അലർജിക്കുള്ള കുത്തിവെപ്പ് എടുത്തതാണ് ആരോഗ്യനില വഷളാക്കിയതെന്നാണ് ആരോപണം. യുവതിയുടെ ഭർത്താവ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.
അതേസമയം, അലർജി ബാധിച്ചവർക്ക് സാധാരണ നൽകുന്ന കുത്തിവെപ്പാണ് എടുത്തതെന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ അലിയാമ്മു പറഞ്ഞു. മരണത്തിെൻറ യഥാർഥ കാരണം അറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു.
ഭർത്താവ്: മുഹമ്മദ് സബാഹ്. മകൻ: മുഹമ്മദ് ഷിഫ്വാൻ. പിതാവ്: വി.പി. ഹമീദ്. മാതാവ്: അമ്മിനക്കുട്ടി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുറ്റിപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.